കൊച്ചി കോർപ്പറേഷനിൽ മിനിമോളും ഷൈനിയും മേയർ പദവി പങ്കിടും, ദീപ്തിയെ വെട്ടി
കൊച്ചി കോർപ്പറേഷൻ മേയർ സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കൊടുവിൽ കോൺഗ്രസ് നേതൃത്വം തീരുമാനത്തിലെത്തി. വി.കെ. മിനിമോളും ഷൈനി മാത്യുവും മേയർ പദവി രണ്ടര വർഷം വീതം പങ്കിടും. ആദ്യ രണ്ടര വർഷം വി.കെ. മിനിമോൾ മേയറാകുമ്പോൾ ദീപക് ജോയ് ഡെപ്യൂട്ടി മേയറാകും. ശേഷിക്കുന്ന കാലയളവിൽ ഷൈനി മാത്യു മേയർ പദവിയും കെ.വി.പി. കൃഷ്ണകുമാർ ഡെപ്യൂട്ടി മേയർ പദവിയും വഹിക്കും. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
തിരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫ് മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയ കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനെ തഴഞ്ഞാണ് പുതിയ തീരുമാനം. എ, ഐ ഗ്രൂപ്പുകൾ സംയുക്തമായി ദീപ്തിയെ വെട്ടി എന്നാണ് അനുകൂലികളുടെ ആക്ഷേപം. പാർലമെന്ററി പാർട്ടി യോഗത്തിൽ ഷൈനി മാത്യുവിന് 19 പേരുടെയും വി.കെ. മിനിമോൾക്ക് 17 പേരുടെയും പിന്തുണ ലഭിച്ചപ്പോൾ ദീപ്തിക്ക് 4 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.
പാർട്ടി ഭാരവാഹികൾക്ക് ഭരണപദവികളിൽ മുൻഗണന നൽകണമെന്ന കെപിസിസി സർക്കുലർ മറികടന്നാണ് ഈ നീക്കം. കൊച്ചി സ്റ്റേഡിയം വാർഡിൽ നിന്നുള്ള പ്രതിനിധിയാണ് ദീപ്തി മേരി വർഗീസ്. പാലാരിവട്ടത്ത് നിന്നുമാണ് വി.കെ. മിനിമോൾ തിരഞ്ഞെടുക്കപ്പെട്ടത്. ഷൈനി മാത്യു ഫോർട്ട് കൊച്ചി ഡിവിഷനെയാണ് പ്രതിനിധീകരിക്കുന്നത്. ഗ്രൂപ്പ് സമവാക്യങ്ങൾ നിർണ്ണായകമായതോടെ ദീപ്തി മേരി വർഗീസ് തഴയപ്പെടുകയായിരുന്നു.
