ഡ്രൈവിങ് സംസ്‌കാരത്തില്‍ മാറ്റം വേണമെന്ന് മന്ത്രി സിപി ജോണ്‍
റോഡപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഡ്രൈവിങ് സംസ്‌കാരത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പദ്ധതികളൊരുക്കുമെന്ന് ഗതാഗത് മന്ത്രി സിപി ജോണ്‍. വാഹനം എന്നത് വെറുമൊരു കളിപ്പാട്ടമല്ലെന്നും വളരെ അപകടം പിടിച്ച ഒരു യന്ത്രമാണെന്നും ജനങ്ങള്‍ തിരിച്ചറിയണമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. ഡ്രൈവിങ് പരിശീലന രംഗത്ത് വലിയ രീതിയിലുള്ള പരിഷ്‌കരണങ്ങള്‍ക്കാണ് ഗവണ്‍മെന്റ് ലക്ഷ്യമിടുന്നതെന്നും സിപി ജോണ്‍ പറഞ്ഞു.
അഞ്ച് വര്‍ഷം ഡ്രൈവിങ് ലൈസന്‍സ് പരിചയമുള്ള ആര്‍ക്കും ഡ്രൈവിങ് സ്‌കൂളുകളില്‍ അധ്യാപകരാകാം എന്ന രീതിയാണ് നിലവിലുള്ളത്. എന്നാല്‍ ഈ രീതിക്ക് മാറ്റം വരുത്താന്‍ ഗവണ്‍മെന്റ് ആലോചിക്കുന്നു. ഇനി മുതല്‍ ഡ്രൈവിങ് സ്‌കൂളുകളില്‍ പഠിപ്പിക്കുന്നവര്‍ക്ക് പ്രത്യേക യോഗ്യതയോ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കാനുള്ള നടപടികള്‍ പടിപടിയായി നടപ്പിലാക്കും.
കുട്ടികളില്‍ ചെറുപ്പകാലം മുതല്‍ക്കേ റോഡ് സുരക്ഷാ ബോധം വളര്‍ത്തുന്നതിനായി 'ഡ്രൈവിങ് സാക്ഷരതാ യജ്ഞം' ആരംഭിക്കും. ഇതിന്റെ ഭാഗമായി പ്ലസ് ടു പഠിക്കുന്ന കുട്ടികള്‍ക്ക് സിമുലേറ്ററുകള്‍ ഉപയോഗിച്ച് വാഹനമില്ലാതെ തന്നെ ഡ്രൈവിങ്ങിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിപ്പിക്കും. പ്ലസ് ടു കഴിഞ്ഞ ഉടന്‍ തന്നെ ഇവര്‍ക്ക് ലൈസന്‍സ് ലഭ്യമാകുന്ന രീതിയിലുള്ള പ്രീ-ലൈസന്‍സ് ട്രെയിനിങ് സംവിധാനമാണ് ആലോചനയിലുള്ളത്.
വാഹനങ്ങളില്‍ അമിതമായ ലൈറ്റുകള്‍ ഘടിപ്പിക്കുന്നതിനും പുറത്തേക്ക് ശബ്ദം കേള്‍ക്കുന്ന രീതിയില്‍ മ്യൂസിക് സിസ്റ്റം വെക്കുന്നതിനുമെതിരെ കര്‍ശന നടപടിയുണ്ടാകും. വാഹനത്തില്‍ പാട്ട് വെച്ച് പുറത്തിറങ്ങി നൃത്തം ചെയ്യുന്ന പ്രവണതകളില്‍ നിന്ന് ജനങ്ങള്‍ സ്വയം പിന്മാറണം. വാഹനം കളിപ്പാട്ടമല്ലെന്നും വളരെ അപകടം പിടിച്ച ഒരു യന്ത്രമാണെന്നും ജനങ്ങള്‍ തിരിച്ചറിയണം. അടുത്തിടെയുണ്ടായ അപകടങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഇത്തരം പ്രവണതകള്‍ക്കെതിരെ മന്ത്രി മുന്നറിയിപ്പ് നല്‍കിയത്.
ഇരുചക്ര വാഹനങ്ങളില്‍ പോകുന്ന കുട്ടികള്‍ ഹെല്‍മെറ്റ് ധരിച്ചുവെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കാണം. ഹെല്‍മെറ്റ് വെക്കാതെ പോകുന്ന കുട്ടികള്‍ക്ക് അപകടമുണ്ടായാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ പോലും ലഭിക്കില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഫോട്ടോ മാത്രം അയച്ചു നല്‍കി വ്യാജ പുക സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിക്കുന്ന രീതി നിരോധിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് അനുമതി നല്‍കിയിട്ടുണ്ട്. പരിവാഹന്‍ വെസൈറ്റിലെ തകരാറുകള്‍ പരിഹരിക്കാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി സംസാരിച്ചിട്ടുണ്ടെന്നും ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉടന്‍ കുറ്റമറ്റതാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
