പൊതിച്ചോര്‍ വിവാദത്തില്‍ വീണ്ടും വിശദീകരണവുമായി മന്ത്രി കെ മുരളീധരന്‍
ആശുപത്രിയിലെ പൊതിച്ചോര്‍ വിവാദത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരന്‍ വീണ്ടും. അന്നം മുടക്കിയിട്ടില്ല, ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്. ഇതും ഭക്ഷണവുമായിട്ടൊന്നും ഒരു ബന്ധവുമില്ല. ഭക്ഷണം കൊടുക്കുന്നതിന് ഒരു തടസ്സവുമില്ല. ഇതിനാണ് അന്നം മുടക്കിയെന്ന് പറഞ്ഞ് ചിലരൊക്കെ വിമര്‍ശിച്ചത്. കെ മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.ഭക്ഷണം നല്‍കുന്നതിന് തടസ്സമില്ല, എന്നാല്‍ സ്ഥലം കയ്യേറി വലിയ ബാനര്‍ വെച്ച്, ഇവിടെ ഞങ്ങളല്ലാതെ മറ്റാരും ഒന്നും ചെയ്യേണ്ട എന്നാണെങ്കില്‍ അതു നടക്കില്ല. അതാണ് ആലപ്പുഴയില്‍ അങ്ങനെ ചെയ്തത്. ആലപ്പുഴയില്‍ പരാതി കിട്ടിയതുകൊണ്ടാണ് സംഘടനകള്‍ ഭക്ഷണം വിതരണം ചെയ്യേണ്ടെന്ന് തീരുമാനമെടുത്തത്. മറ്റെവിടെയെങ്കിലും പരാതി കിട്ടിയാല്‍ അപ്പോള്‍ നോക്കാം. പരാതി കിട്ടാത്തതുകൊണ്ട് ആ കാര്യത്തെക്കുറിച്ച് ഇപ്പോള്‍ പറയേണ്ടതില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ആലപ്പുഴയില്‍ കമ്യൂണിറ്റി കിച്ചണ്‍ നടപ്പാക്കാനും, സ്ഥലം കയ്യേറിയവരെ അവിടെ നിന്നും നിര്‍ബന്ധമായും മാറ്റി നിര്‍ത്താനുമുള്ളത്, ആശുപത്രി വികസന സമിതി ( എച്ച് ഡി സി ) കമ്മിറ്റിയുടെ തീരുമാനമാണ്. അല്ലാതെ കെ മുരളീധരന്‍ എടുത്ത തീരുമാനമല്ല. സ്ഥലം കയ്യേറിയതായി പരാതി തന്നതും അവരാണെന്നും മന്ത്രി പറഞ്ഞു.
മെഡിക്കൽ കോളജിന്റെ അകത്തു ബാനർ കെട്ടാൻ രാഷ്ട്രീയ സംഘടനകൾക്ക് അധികാരമില്ല. ഡിവൈഎഫ്ഐക്കോ സേവാഭാരതിക്കോ സർക്കാരിന്റെ സ്വത്ത് സ്വകാര്യമായി കൈകാര്യം ചെയ്യാൻ അനുവാദമില്ല. ഈ തീരുമാനത്തിൽ സേവാഭാരതിയും ഡിവൈഎഫ്ഐയും പ്രതിഷേധിക്കുന്നുണ്ട്. കേരളത്തിൽ ഏതു സർക്കാർ ആശുപത്രിയിൽ വഴി തടസ്സം ഉണ്ടായാലും നടപടിയുണ്ടാകും എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
