ഓണക്കാലത്തെ വിലക്കയറ്റം തടയാൻ റേഷൻ കടകൾ വഴി കൂടുതൽ ഭക്ഷ്യധാന്യം വിതരണത്തിന്

  1. Home
  2. Latest

ഓണക്കാലത്തെ വിലക്കയറ്റം തടയാൻ റേഷൻ കടകൾ വഴി കൂടുതൽ ഭക്ഷ്യധാന്യം വിതരണത്തിന്

ration shop


 

ഓണക്കാലത്തെ വിലക്കയറ്റം തടയാൻ റേഷൻ കടകൾ വഴി കൂടുതൽ ഭക്ഷ്യധാന്യം വിതരണത്തിന്. വെള്ളക്കാർഡിന്റെ അരിവിഹിതം നാലുകിലോയിൽനിന്ന് ഏഴു കിലോയാക്കി ഉയർത്തി. 10 കിലോ അരി 26 രൂപ നിരക്കിൽ പ്രത്യേക വിഹിതമായും നൽകും. ആകെ 17 കിലോ. രണ്ടുകിലോ ഗോതമ്പും നൽകും.


നീലക്കാർഡിലെ ഓരോ അംഗത്തിനും രണ്ടു കിലോ അരിവീതം നാലുരൂപ നിരക്കിൽ സാധാരണ വിഹിതമായി കിട്ടും. പുറമേ 13 കിലോ അരി പ്രത്യേക വിഹിതമായി നൽകും. ഇതിൽ മൂന്നു കിലോ 10.90 രൂപ നിരക്കിലും 10 കിലോ 26 രൂപ നിരക്കിലുമാണു നൽകുക. രണ്ടുകിലോ ഗോതമ്പുമുണ്ടാകും.

വെള്ള, നീല കാർഡുകാർക്കു പുറമേ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുള്ള എൻ.പി.ഐ. കാർഡിനും 26 രൂപ നിരക്കിൽ 10 കിലോ അരി നൽകും. ഓഗസ്റ്റിലെ റേഷൻവിതരണം തിങ്കളാഴ്ച തുടങ്ങും. 26 രൂപ നിരക്കിലുള്ള അരിവിതരണം 10-നും തുടങ്ങും. മഞ്ഞ, പിങ്ക് കാർഡുകാർക്ക് ആവശ്യത്തിന് ധാന്യമുള്ളതിനാൽ പ്രത്യേക വിഹിതം അനുവദിച്ചിട്ടില്ല.

ഈ മാസത്തെ വിഹിതം ഇങ്ങനെ

  • മഞ്ഞ (എ.എ.വൈ.): 30 കിലോ അരിയും രണ്ടുകിലോ ഗോതമ്പും സൗജന്യം. മൂന്നു പാക്കറ്റ് ആട്ട ഏഴു രൂപ നിരക്കിൽ.
  • പിങ്ക് (പി.എച്ച്.എച്ച്.): ഓരോ അംഗത്തിനും നാലുകിലോ അരിയും ഒരുകിലോ ഗോതമ്പും സൗജന്യം. അതതു കടകളിലെ സ്റ്റോക്കിനനുസരിച്ച് ഗോതമ്പിനു പകരം ആട്ട പാക്കറ്റിന് ഒൻപതു രൂപ നിരക്കിൽ.
  • നീല (എൻ.പി.എസ്.): ഓരോ അംഗത്തിനും രണ്ടുകിലോ അരിവീതം കിലോയ്ക്ക് നാലുരൂപ നിരക്കിൽ. കാർഡിന് മൂന്നു കിലോ അരി 10.90 രൂപ നിരക്കിലും 10 കിലോ അരി 26 രൂപ നിരക്കിലും നൽകും. രണ്ടുകിലോ ഗോതമ്പ് 8.70 രൂപ നിരക്കിൽ. ഓരോ താലൂക്കിലെയും സ്റ്റോക്കിനനുസരിച്ച് കാർഡിന് നാലുകിലോ വരെ ആട്ട 17 രൂപ നിരക്കിൽ.
  • വെള്ള (എൻ.പി.എൻ.എസ്.): കാർഡിന് ഏഴുകിലോ അരി 10.90 രൂപ നിരക്കിൽ. 10 കിലോ അരി 26 രൂപ നിരക്കിൽ. രണ്ടുകിലോ ഗോതമ്പ് 8.70 രൂപ നിരക്കിൽ. താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് നാലുകിലോ വരെ ആട്ട 17 രൂപ നിരക്കിൽ.
  • തവിട്ട് (എൻ.പി.ഐ.): കാർഡിന് രണ്ടുകിലോ അരി 10.90 രൂപ നിരക്കിൽ. പ്രത്യേക വിഹിതമായി രണ്ടുകിലോ ഗോതമ്പ് 8.70 രൂപ നിരക്കിൽ. താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് ഒരുകിലോ ആട്ട 17 രൂപ നിരക്കിൽ. 10 കിലോ അരി 26 രൂപ നിരക്കിൽ.
  • മണ്ണെണ്ണ വിഹിതം: വൈദ്യുതിയുളള വീടുകളിലെ മഞ്ഞ കാർഡിന് ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബർ ക്വാർട്ടറിൽ ഒരു ലിറ്റർ മണ്ണെണ്ണ നൽകും. പിങ്ക്, നീല, വെള്ള കാർഡുകൾക്ക് അരലിറ്ററും നൽകും. വൈദ്യുതിയില്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആറു ലിറ്ററാണ് വിഹിതം.