രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകുമോയെന്ന ചോദ്യത്തിന് മുരളീധരന്‍റെ മറുപടി
പാർട്ടിയിൽ ഇല്ലാത്ത രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നത് അനാവശ്യ ചർച്ചയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ കോണ്‍ഗ്രസ് എംഎൽഎ അല്ല. പിന്നെ എന്തിനാണ് അദ്ദേഹത്തിന്‍റെ വിഷയം ചർച്ച ചെയ്യുന്നത്. പാർട്ടിക്ക് പുറത്തുള്ള ഒരാളുടെ വിഷയം ചർച്ച ചെയ്യേണ്ട ആവശ്യമുണ്ടോ എന്നാണ് മുരളീധരന്‍റെ പ്രതികരണം.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടും രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും സീറ്റ് നല്‍കില്ലെന്ന് തുറന്നു പറയാന്‍ മറ്റു കോണ്‍ഗ്രസ് നേതാക്കൾ ധൈര്യം കാട്ടാത്തപ്പോഴാണ് വ്യക്തമായ പ്രതികരണവുമായി കെ മുരളീധരൻ രംഗത്തെത്തിയത്. രാഹുലിന് പാലക്കാട് സീറ്റ് നല്‍കരുതെന്ന് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിലൂടെ നിലപാട് പറഞ്ഞ മുതിര്‍ന്ന നേതാവ് പി ജെ കുര്യന്‍ ഇന്ന് മലക്കംമറിഞ്ഞു. അച്ചടക്ക നടപടി പിന്‍വലിച്ചാല്‍ രാഹുലിന് മല്‍സരിക്കാമെന്ന് പിന്നീട് തിരുത്തിയത് പാര്‍ട്ടിയിലെ ആശയക്കുഴപ്പത്തിന് തെളിവായി. വീണ്ടും മല്‍സരിക്കാനുളള സാധ്യത തള്ളിക്കളയാതെയായിരുന്നു രാഹുലിന്‍റെയും പ്രതികരണം. പാര്‍ട്ടിക്ക് പുറത്തായ രാഹുലിന് ഇനിയും സീറ്റുണ്ടോ എന്ന ചോദ്യത്തിന് ഉറപ്പിച്ചൊരു നോ പറയാന്‍ എഐസിസിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും കഴിയുന്നില്ല. യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശും ഒഴിഞ്ഞു മാറുകയാണ്.
