അടിയന്തരാവസ്ഥ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി

  1. Home
  2. Latest

അടിയന്തരാവസ്ഥ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി

ncert


 

കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ അടിയന്തരാവസ്ഥ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി എന്‍സിഇആര്‍ടി. ഒന്‍പതാം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ പുതിയ പാഠപുസത്തകത്തിലാണ് 'അണ്ടര്‍സ്റ്റാന്‍ഡിങ് സൊസൈറ്റി: ഇന്ത്യ ആന്‍ഡ് ബിയോണ്ട്' ഇന്ത്യന്‍ ജനാധിപത്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് എന്ന പേരില്‍ അടിയന്തരാവസ്ഥയെക്കുറിച്ച് വിശദീകരിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തും വെല്ലുവിളികളും പ്രതിപാദിക്കുന്ന ഭാഗത്താണ് അടിയന്തരാവസ്ഥയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒന്‍പതാം ക്ലാസ് പാഠപുസ്തകത്തില്‍ അടിയന്തരാവസ്ഥ പാഠഭാഗത്ത് ഉള്‍പ്പെടുത്തുന്നത് ഇതാദ്യമാണെന്ന് ഒരു എന്‍സിഇആര്‍ടി ഉദ്യോഗസ്ഥന്‍ പറഞ്ഞു.1975-77 കാലഘട്ടത്തില്‍ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ ഇന്ത്യന്‍ ജനാധിപത്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നായിരുന്നു. 1970 കളുടെ തുടക്കത്തില്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്കിടയില്‍ അതൃപ്തി പുകഞ്ഞിരുന്നു. വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം, ഭരണപരാജയം എന്നിവ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. തുടര്‍ന്ന്, ആഭ്യന്തര അസ്വസ്ഥതകള്‍ ചൂണ്ടിക്കാട്ടി 1975 ജൂണില്‍ സര്‍ക്കാര്‍ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പുസ്തകത്തില്‍ പറയുന്നു.

അടിയന്തരാവസ്ഥാ കാലത്ത് പൗരന്മാരുടെ ഭൂരിഭാഗം മൗലികാവകാശങ്ങളും റദ്ദാക്കപ്പെട്ടതായും മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതായും പുസ്തകത്തില്‍ പറയുന്നു. നിരവധി രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും ജയിലിലടയ്ക്കപ്പെട്ടു. ജനാധിപത്യ സ്ഥാപനങ്ങള്‍ക്ക് കടുത്ത തിരിച്ചടിയേല്‍ക്കുകയും ജനങ്ങളുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുകയും ചെയ്തതായും പുസ്തകം ചൂണ്ടിക്കാണിക്കുന്നു.

അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തില്‍ ജയപ്രകാശ് നാരായണന്‍ വഹിച്ച പങ്കിനെക്കുറിച്ചും പുതിയ പാഠഭാഗത്തില്‍ പ്രത്യേക പരാമര്‍ശമുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബിഹാര്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ഥികളെയും പൊതുജനങ്ങളെയും അണിനിരത്തി വലിയ ജനകീയ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവന്നതായി പുസ്തകത്തില്‍ വ്യക്തമാക്കുന്നു. 1977 ല്‍ അടിയന്തരാവസ്ഥ പിന്‍വലിക്കുകയും തുടര്‍ന്ന് പൊതുതെരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു. ജനങ്ങള്‍ തങ്ങളുടെ ജനാധിപത്യ അവകാശം വിനിയോഗിച്ചതിലൂടെ അന്നത്തെ ഭരണകക്ഷി പരാജയപ്പെട്ടു. ഈ പരാജയം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്ത് തെളിയിക്കുന്നതാണെന്നും ജനാധിപത്യത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ സഹായിച്ചതായും പുസ്തകത്തില്‍ പറയുന്നു.