നീറ്റ് പ്രക്ഷോഭം: പൊലീസ് അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള ഉന്നതതല സമിതിയെ ഇന്ന് പ്രഖ്യാപിക്കും
നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിനിടെയുണ്ടായ പൊലീസ് അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള ഉന്നതാധികാര സമിതിയെ സുപ്രീംകോടതി ഇന്ന് പ്രഖ്യാപിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് സമിതിയെ തീരുമാനിക്കുക. വിരമിച്ച സുപ്രീംകോടതി ജഡ്ജിയായിരിക്കും സമിതിയുടെ അധ്യക്ഷനെന്നാണ് റിപ്പോര്‍ട്ട്.വിരമിച്ച ജഡ്ജിമാര്‍, മുന്‍ സംസ്ഥാന ഡിജിപി, സിബിഐ മുന്‍ ഡയറക്ടര്‍ എന്നിവരടങ്ങുന്ന ഉന്നതതല സമിതിയെ നിയോഗിക്കാനാണ് കോടതി തീരുമാനം. സമിതി സംബന്ധിച്ച അന്തിമ ഉത്തരവ് ഇന്ന് പ്രഖ്യാപിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
ജൂലൈ 20-ന് ഡല്‍ഹിയില്‍ നടന്ന പാര്‍ലമെന്റ് മാര്‍ച്ചിനിടെ അരങ്ങേറിയ സംഘര്‍ഷങ്ങളുടെയും പൊലീസ് നടപടികളുടെയും സിസിടിവി ദൃശ്യങ്ങളും വീഡിയോ റെക്കോര്‍ഡിംഗുകളും സുപ്രീം കോടതി നിര്‍ദ്ദേശിക്കുന്ന സമിതിക്ക് മുന്‍പാകെ കൈമാറും. വനിതാ വിദ്യാര്‍ത്ഥികള്‍ക്കെതിരെയുണ്ടായ അതിക്രമങ്ങളെക്കുറിച്ചുള്ള പരാതികളും സമിതി പ്രത്യേകമായി പരിശോധിക്കും.
