നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച; ആവർത്തിച്ചുണ്ടാകുന്ന തെറ്റുകൾ അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആവർത്തിച്ചുണ്ടാകുന്ന തെറ്റുകൾ അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി. ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് ജഡ്ജിമാരായ പി.എസ്. നരസിംഹ, അലോക് അരാദേ എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമർശം. ചോദ്യപ്പേപ്പർ ചോർച്ച വിഷയം ഈ രീതിയിൽ തുടരാൻ അനുവദിക്കാനാവില്ലെന്നു പറഞ്ഞ കോടതി വിഷയം വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും നിരന്തരം വിലയിരുത്തുമെന്നും കേന്ദ്രത്തോടു പറഞ്ഞു.പരീക്ഷ പൂർണമായും ഓൺലൈനിലാക്കുമ്പോൾ എങ്ങനെയാണ് ഡേറ്റയുടെ സംരക്ഷണം ഉറപ്പാക്കുക എന്ന് പറയാനും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ മികച്ച നടപടികളാണ് സ്വീകരിക്കുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. കേസ് ജൂലൈ 27ന് കോടതി വീണ്ടും പരിഗണിക്കും.
