ശബരിമല ആടിയ ശിഷ്ടം നെയ്യ് ക്രമക്കേട് കേസിൽ ഒന്നാം പ്രതിക്ക് മുൻ‌കൂർ ജാമ്യമില്ല

  1. Home
  2. Latest

ശബരിമല ആടിയ ശിഷ്ടം നെയ്യ് ക്രമക്കേട് കേസിൽ ഒന്നാം പ്രതിക്ക് മുൻ‌കൂർ ജാമ്യമില്ല

sabarimala


ശബരിമല ആടിയ ശിഷ്ടം നെയ്യ് ക്രമക്കേട് കേസിൽ ഒന്നാം പ്രതിക്ക് മുൻ‌കൂർ ജാമ്യമില്ല. ശബരിമല സ്പെഷ്യൽ ഓഫിസർ സന്തോഷ്‌ കുമാറിന്റെ ഹർജി കേരള ഹൈക്കോടതി തള്ളി. തനിക്ക് 60 ശതമാനം കാഴ്ചയില്ലെന്നായിരുന്നു പ്രതിയുടെ വാദം. എന്നാൽ പ്രതിക്ക് ബൈക്ക് ഓടിക്കാൻ ലൈസൻസ് കിട്ടിയ കാര്യം കോടതി ചൂണ്ടിക്കാട്ടി. കൗണ്ടറിൽ കൃത്രിമത്വം നടക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ബാധ്യത സ്പെഷ്യൽ ഓഫീസർ ഉണ്ടായിരുന്നുവെന്നും കോടതി വ്യക്തമാക്കി.

ദേവസ്വം വിജിലൻസിന്‍റെ പരിശോധനയിലാണ് ആടിയ ശിഷ്ടം നെയ് വിൽപ്പനയിൽ ജീവനക്കാർ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയത്. സന്നിധാനത്തെ വിശിഷ്ട വഴിപാടിന്‍റെ വരുമാനം ദേവസ്വം ബോ‍ർഡിനാണ് ലഭിക്കേണ്ടത്. പ്രാഥമിക പരിശോധനയിൽ 16,628 പാക്കറ്റ് നെയ്യുടെ പണം ദേവസ്വം ബോ‍ർഡിൻ്റെ അക്കൗണ്ടിലെത്തിയില്ലെന്ന് കണ്ടെത്തി. പാലക്കാട് ജില്ലയിൽ നിന്നുള്ള കരാറുകാരനാണ് നെയ് പാക്കറ്റിലാക്കി കൗണ്ടറിൽ നൽകുന്നത്. 100 മില്ലി നെയ് 100 രൂപയ്ക്കാണ് വിൽപ്പന . 2025 നവംബർ 17 മുതൽ ഡിസംബർ 26 വരെ ഏതാണ്ട് 3,52,002 പാക്കറ്റ് നെയ് നൽകിയിട്ടുണ്ട്. ഇതിൽ 13,679 പാക്കറ്റ് നെയ്യ് നൽകിയതിന് രേഖകളില്ല. ഏകദേശം 13,67,900 രൂപയാണ് ഈ ഇനത്തിൽ അക്കൗണ്ടിൽ എത്താതിരുന്നത്.

ചുരുങ്ങിയ കാലയളവിലെ ഈ വലിയ കൊള്ള ഞെട്ടിക്കുന്നതാണെന്ന് കോടതി വിലയിരുത്തി. നെയ് പാക്കറ്റുകളുടെ മഹസർ ഒന്നും കൃത്യമായിരുന്നില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. ചുമതലക്കാരനായ സുനിൽ കുമാർ പോറ്റിയെ സസ്പെൻഡ് ചെയ്തതായി ദേവസ്വം ബോർ‍ഡ് കോടതിയെ അറിയിച്ചു. പണം അടക്കുന്നതിലടക്കം ഈ ഉദ്യോഗസ്ഥൻ വീഴ്ച വരുത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ട് മാസ കാലയളവിലെ തട്ടിപ്പ് ഏകദേശം 35 ലക്ഷം രൂപ വരും. ദേവസ്വം ബോർഡിലെ ചില ജീവനക്കാർക്ക് സത്യസന്ധമായി ജോലി ചെയ്യുന്നതിന് പകരം പണം കൊള്ളയടിക്കാനാണ് താൽപ്പര്യമെന്ന വിമർശനവും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നു.