തൃശ്ശൂർ പൂരത്തിന് ഇക്കുറി വെടിക്കെട്ടില്ല; കുടമാറ്റം പരിമിതപ്പെടുത്തും

  1. Home
  2. Latest

തൃശ്ശൂർ പൂരത്തിന് ഇക്കുറി വെടിക്കെട്ടില്ല; കുടമാറ്റം പരിമിതപ്പെടുത്തും

pooram


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ദാരുണമായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ തീരുമാനിച്ചു. തൃശ്ശൂർ കളക്ടറേറ്റിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം അധികൃതരും ജില്ലാ ഭരണകൂടവും പങ്കെടുത്ത അടിയന്തര യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനമുണ്ടായത്. ഇത്തവണത്തെ പൂരം ആഘോഷങ്ങൾ ഒഴിവാക്കി ആചാരപരമായ ചടങ്ങുകൾ മാത്രമായി നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.

പൂരത്തിന്റെ പ്രധാന ആകർഷണമായ കുടമാറ്റം ഇക്കുറി പരിമിതമായ രീതിയിലായിരിക്കും നടക്കുക. സാധാരണയായി നൂറുകണക്കിന് കുടകൾ മാറിമാറി പ്രദർശിപ്പിക്കാറുണ്ടെങ്കിലും ഇത്തവണ പത്തിൽ താഴെ കുടകൾ മാത്രമാകും ഉപയോഗിക്കുക. പ്രധാന വെടിക്കെട്ടിന് പകരം പ്രതീകാത്മകമായി കതിനകൾ മാത്രമായിരിക്കും പൊട്ടിക്കുക. കൂടാതെ പകൽപ്പൂരത്തിന് ശേഷമുള്ള പകൽ വെടിക്കെട്ടും ഇത്തവണ വേണ്ടെന്ന് വെച്ചിട്ടുണ്ട്.

അതേസമയം, ആനകളുടെ എണ്ണത്തിലോ മേളത്തിലോ മാറ്റമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇരുവിഭാഗത്തിനുമായി 15 ആനകൾ വീതം അണിനിരക്കും. ഘടകക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുകളും മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന മുണ്ടത്തിക്കോട്ടെ ശാലയിലുണ്ടായ സ്ഫോടനത്തിൽ 14 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് പൂരത്തിന്റെ പൊലിമ കുറയ്ക്കാൻ ദേവസ്വങ്ങൾ സന്നദ്ധരായത്.