കന്നി എംഎൽഎമാർക്ക് ഔദ്യോഗിക വാഹനവും സഹായികളും; പ്രഖ്യാപനവുമായി വിജയ്‌

  1. Home
  2. Latest

കന്നി എംഎൽഎമാർക്ക് ഔദ്യോഗിക വാഹനവും സഹായികളും; പ്രഖ്യാപനവുമായി വിജയ്‌

vijay


 

തമിഴ്‌നാട് നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർക്ക് ഔദ്യോഗിക വാഹനവും സഹായികളെയും വിട്ടുനൽകാൻ മുഖ്യമന്ത്രി വിജയ് തീരുമാനിച്ചതായി റിപ്പോർട്ട്. വിസികെ എംഎൽഎ ജ്യോതിമണി നിയമസഭയിൽ ഉന്നയിച്ച ആവശ്യത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഈ സുപ്രധാന നീക്കം. സ്വന്തമായി വാഹനമില്ലാത്തതിനാൽ വലിയ മണ്ഡലങ്ങളിൽ യാത്ര ചെയ്യാനും ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാനും ബുദ്ധിമുട്ടുന്നുവെന്ന് എംഎൽഎ സഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് സ്പീക്കർ നൽകിയ ഉറപ്പിന് പിന്നാലെയാണ് ഇപ്പോൾ അനുകൂലമായ തീരുമാനമുണ്ടായിരിക്കുന്നത്.

മണ്ഡലങ്ങളിൽ കൃത്യമായ പരിശോധന നടത്താനും വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും കാർ സൗകര്യം അത്യാവശ്യമാണെന്നായിരുന്നു എംഎൽഎയുടെ വാദം. സഭയിലേക്ക് ആദ്യമായി എത്തുന്ന അംഗങ്ങളിൽ പലർക്കും സ്വന്തമായി വാഹനങ്ങൾ വാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ല എന്ന കാര്യവും മുഖ്യമന്ത്രിയുടെ തീരുമാനത്തിന് കാരണമായിട്ടുണ്ട്. ഈ പുതിയ പദ്ധതി പ്രകാരം ആദ്യമായി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ എംഎൽഎമാർക്കും വാഹനത്തോടൊപ്പം തന്നെ ഭരണപരമായ കാര്യങ്ങളിൽ സഹായിക്കാൻ പേഴ്സണൽ അസിസ്റ്റന്റുമാരെയും നിയമിക്കും.

പുതിയ തീരുമാനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ടിവികെ അംഗങ്ങളായിരിക്കും. വിജയിയുടെ പാർട്ടിയിൽ നിന്നുള്ള എംഎൽഎമാരിൽ 98 ശതമാനത്തിലധികം പേരും നിയമസഭയിൽ കന്നി അംഗങ്ങളാണ്. മന്ത്രിമാരായിട്ടുള്ളവർക്ക് നിലവിൽ തന്നെ കാറും സഹായികളും സർക്കാർ അനുവദിച്ചിട്ടുണ്ട്. എന്നാൽ മന്ത്രിസ്ഥാനമില്ലാത്ത പുതുമുഖ എംഎൽഎമാർക്കാണ് ഈ ആനുകൂല്യം വലിയ ആശ്വാസമാകുന്നത്. ടിവികെയിലെ എഴുപതോളം എംഎൽഎമാർ ഈ ആനുകൂല്യം ലഭിക്കാൻ അർഹരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ടിവികെ അംഗങ്ങൾക്ക് പുറമെ വിസികെ, ഡിഎംകെ, എഐഎഡിഎംകെ, കമ്മ്യൂണിസ്റ്റ് പാർട്ടികൾ എന്നിവയിൽ നിന്നുള്ള പുതുമുഖ എംഎൽഎമാർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ ഭേദമില്ലാതെ സഭയിലെ എല്ലാ കന്നി എംഎൽഎമാരെയും ഉൾപ്പെടുത്തിക്കൊണ്ടാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. എംഎൽഎമാരുടെ മണ്ഡലങ്ങളിലെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും ജനങ്ങളുമായുള്ള സമ്പർക്കം എളുപ്പമാക്കുകയുമാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വൃത്തങ്ങൾ വ്യക്തമാക്കുന്നു.