പശ്ചിമേഷ്യൻ സംഘർഷത്തിൽ അഞ്ച് കുടുംബങ്ങൾക്ക് മാത്രമാണ് നഷ്ടപരിഹാരം നൽകിയതെന്ന് ജോൺ ബ്രിട്ടാസ്
പശ്ചിമേഷ്യൻ സംഘർഷത്തിൽ 10 നാവികർ ഉൾപ്പെടെ 16 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെടുകയും 75 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് വിദേശകാര്യ മന്ത്രാലയം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കിയത്. എന്നാൽ, ഇന്ത്യൻ പൗരന്മാരുടെ മരണത്തിലും പരിക്കുകളിലും സർക്കാർ എന്തെങ്കിലും തരത്തിലുള്ള നയതന്ത്ര പ്രതിഷേധം രേഖപ്പെടുത്തുകയോ ബന്ധപ്പെട്ട രാജ്യങ്ങൾക്ക് 'ഡിമാർഷ്' അയക്കുകയോ, കൃത്യമായ അന്വേഷണവും ഉത്തരവാദിത്തവും ആവശ്യപ്പെടുകയോ ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകുന്നതിനു പകരം, പതിവ് കോൺസുലർ സേവനങ്ങളും എമർജൻസി ഹെൽപ്പ് ലൈൻ വിവരങ്ങളും മാത്രം നൽകി സർക്കാർ ഒഴിഞ്ഞുമാറുകയാണ് ചെയ്തതെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. കൂടാതെ, മരണപ്പെട്ട 16 പേരിൽ അഞ്ച് കുടുംബങ്ങൾക്ക് മാത്രമാണ് ഇതുവരെ നഷ്ടപരിഹാരം നൽകിയിട്ടുള്ളത്. ഉറ്റവർ നഷ്ടപ്പെട്ട് തകർന്നുനിൽക്കുന്ന കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം വൈകിക്കുന്നത് ഭരണപരമായ വീഴ്ച മാത്രമല്ല, ക്രൂരമായ നീതിനിഷേധം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
വിവിധ രാജ്യങ്ങളിലായി റിപ്പോർട്ട് ചെയ്ത മരണങ്ങളുടെ കണക്കും കേന്ദ്രം പുറത്തുവിട്ടു. എട്ട് പേർ ഒമാനിലും നാല് പേർ യു.എ.ഇയിലുമാണ് കൊല്ലപ്പെട്ടത്. കുവൈറ്റിൽ രണ്ട് പേരും ഇറാനിലും സൗദി അറേബ്യയിലും ഓരോ മരണങ്ങൾ വീതവും സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റ 75 പേരിൽ ഭൂരിഭാഗവും യു.എ.ഇ (32), ഒമാൻ (24), കുവൈറ്റ് (13) എന്നീ രാജ്യങ്ങളിലാണ്. ഖത്തർ, സൗദി അറേബ്യ, ഇസ്രായേൽ എന്നിവിടങ്ങളിലും ഇന്ത്യക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഖത്തറിലെ റാസ് ലഫാൻ ഗ്യാസ് പ്ലാന്റിലുണ്ടായ അപകടത്തിൽ 12 ഇന്ത്യൻ തൊഴിലാളികൾ കൊല്ലപ്പെട്ടെന്നും കേന്ദ്രം സ്ഥിരീകരിച്ചു.
