'നിലപാട് അവസരവാദപരം'; അയിഷാ പോറ്റിക്കെതിരെ സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി
സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ എംഎൽഎ അയിഷാ പോറ്റിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി. അയിഷാ പോറ്റിയുടേത് അവസരവാദപരമായ നിലപാടാണെന്നും അധികണമില്ലാത്തപ്പോൾ പാർട്ടിയിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു പ്രവർത്തകയ്ക്ക് ചേർന്നതല്ലെന്നും ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. മൂന്ന് തവണ എംഎൽഎയാക്കിയതും ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കിയതും പാർട്ടിയാണെന്ന കാര്യം അവർ മറക്കരുതെന്നും സിപിഎം ഓർമ്മിപ്പിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അയിഷാ പോറ്റി പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരുന്നില്ല. ഏത് സാഹചര്യത്തിലാണ് അവർ കോൺഗ്രസിലേക്ക് പോയതെന്ന് മനസ്സിലാകുന്നില്ലെന്നും കൊട്ടാരക്കരയിലെ പാർട്ടി പ്രവർത്തകർ ഈ അവസരവാദ നിലപാട് തിരിച്ചറിയുമെന്നും കുറിപ്പിൽ പറയുന്നു. അയിഷാ പോറ്റിയുടെ പാർട്ടി മാറ്റത്തോട് മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. അയിഷാ പോറ്റി കാട്ടിയത് 'വർഗവഞ്ചന' ആണെന്ന് മേഴ്സിക്കുട്ടിയമ്മ ആരോപിച്ചു.
കൊട്ടാരക്കരയിൽ നിന്നുള്ള മുൻ ഇടത് പ്രതിനിധിയായ അയിഷാ പോറ്റിയുടെ നീക്കം ജില്ലയിലെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. പദവികൾ ലഭിക്കാത്തതിലുള്ള അമർഷമാണ് പാർട്ടി മാറ്റത്തിന് പിന്നിലെന്നാണ് സിപിഎം നേതാക്കളുടെ വിലയിരുത്തൽ.
