വിഴിഞ്ഞത്തെ അദാനിയുടെ ഓഹരി കൈമാറ്റത്തിൽ ആശങ്ക രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

  1. Home
  2. Latest

വിഴിഞ്ഞത്തെ അദാനിയുടെ ഓഹരി കൈമാറ്റത്തിൽ ആശങ്ക രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

pinarayi


 

വിഴിഞ്ഞത്തെ അദാനിയുടെ ഓഹരി കൈമാറ്റത്തിൽ ആശങ്ക രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മത്സരമില്ലെങ്കിൽ വികസനത്തെ സാരമായി ബാധിക്കും. ഒറ്റ കമ്പനിയിലേക്ക് കാര്യങ്ങൾ ചുരുങ്ങുന്ന സ്ഥിതി വരും. അത് സംസ്ഥാനത്തിന്‍റെ വികസന താല്പര്യത്തിന് ദോഷം ചെയ്യും. മത്സര ക്ഷമത കുറയുകയും എംഎസ്‍സിക്ക് കുത്തക അവകാശം കിട്ടുകയും ചെയ്യും. ലോകോത്തര മാതൃകയിൽ മൾട്ടി ഓപ്പറേറ്റർ പോർട്ടായി വിഴിഞ്ഞം മാറണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വിഴിഞ്ഞം പോർട്ടിന്‍റെ 49 ശതമാനം ഓഹരി എംഎസ്‍സി കമ്പനിയുടെ ടെര്‍മിനൽ വിഭാഗം സ്വന്തമാക്കുന്നു എന്നാണ് റിപ്പോർട്ട്. എംഎസ്‍സിയുടെ ടെര്‍മിനൽ വിഭാഗമായ ടിഐഎഎല്ലാണ് 13,000 കോടി നിക്ഷേപിച്ച് 49 ശതമാനം ഓഹരി സ്വന്തമാക്കുന്നത്. 2028 ഡിസംബറോടെ 57 ലക്ഷം ടിഇയു ശേഷിയിലേക്ക് തുറമുഖത്തെ ഉയര്‍ത്തുകയാണ് ലക്ഷ്യം. നിലവിൽ 16 ലക്ഷമാണ് ടിഇയു ശേഷി.

അതേസമയം എം എസ് സി - അദാനി കരാറിൽ ഷെയർ കൈമാറണമെങ്കിൽ സർക്കാർ അനുമതി വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ഇതിനുള്ള അനുമതി അദാനി നേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. ഷെയർ കൈമാറ്റം മാധ്യമ വാർത്തകളിലൂടെയാണ് അറിഞ്ഞത്. സഭയിൽ വിഴിഞ്ഞം സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റത്തെ കുറിച്ച് സർക്കാരിന് മുന്നിൽ ഫയൽ വന്നിട്ടില്ലെന്നും വന്നാൽ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷ ഉറപ്പാക്കുമെന്നും പൊതു താൽപ്പര്യം സംരക്ഷിക്കുമെന്നും നല്ല മത്സര സാധ്യത ഉറപ്പു വരുത്തുമെന്നും കുത്തക പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.