വിലക്കയറ്റത്തില്‍ പതിനാറാം നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയ നോട്ടീസ്
വിലക്കയറ്റത്തില്‍ പതിനാറാം നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ആദ്യ അടിയന്തര പ്രമേയ നോട്ടീസ്. സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിലെ കെഎന്‍ ബാലഗോപാലാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. പെട്രോള്‍-ഡീസല്‍ വിലയില്‍ അധിക നികുതി കുറയ്ക്കണമെന്ന് ബാലഗോപാല്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ ഇളവ് നല്‍കാനുള്ള സാമ്പത്തികമുണ്ട്. പാചകവാതക വിലയിലും നികുതി ഇളവ് നല്‍കണമെന്നും കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.എന്നാല്‍ അടിക്കടി വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ നികുതി ഇളവ് ഇപ്പോള്‍ നല്‍കാനാകില്ല. കുറച്ചു ദിവസം കൂടി കാത്തിരുന്നിട്ട് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. എന്നെങ്കിലുമൊരു സമയത്ത് വിലക്കയറ്റം നിന്നിട്ട് സഭ ചര്‍ച്ച ചെയ്യാമെന്ന് പറയുന്നത് നടക്കാത്ത സംഗതിയാണെന്ന് കെ എന്‍ ബാലഗോപാല്‍ മറുപടി നല്‍കി. ഇതിനു പിന്നില്‍ ഗുരുതരമായ വിഷയമുണ്ടെന്നത് നാട്ടുകാര്‍ക്കൊക്കെ അറിയാവുന്നതാണ്. പാചകവാതക വില വര്‍ധന കാരണം ഹോട്ടലുകള്‍ പോലും പ്രവര്‍ത്തിക്കാനാകാത്ത അവസ്ഥയാണെന്നും ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശന്‍, പെട്രോള്‍- ഡീസല്‍ വിലയില്‍ സംസ്ഥാനത്തിന്റെ നികുതി ഇളവു ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതു പറഞ്ഞ വിഡി സതീശന്‍ ഇപ്പോള്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍, വര്‍ധിച്ച അധിക നികുതി സംസ്ഥാനത്തിന് ലഭിക്കുന്നത് ഇളവുചെയ്തു കൊടുക്കുന്നത് ജനങ്ങളോടുള്ള മര്യാദയാണ്. മുഖ്യമന്ത്രി അതില്‍ നിലപാട് വ്യക്തമാക്കണമെന്ന് കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.
