അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസിന്റെ അപ്പീലിൽ ഇന്ന് ഉത്തരവ്

  1. Home
  2. Latest

അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസിന്റെ അപ്പീലിൽ ഇന്ന് ഉത്തരവ്

madhu


അട്ടപ്പാടി മുക്കാലിയിൽ ആൾക്കൂട്ടമർദനമേറ്റ് മരിച്ച മധുവിന്റെ അമ്മ മല്ലിയും സഹോദരി സരസുവും പ്രതീക്ഷയിലാണ്. ''ഞങ്ങടെ ദുഃഖം കോടതി കാണും. മധുവിന് ഹൈക്കോടതിവിധിയിൽ നീതി കിട്ടും'' -അവർ പറഞ്ഞു. മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതിയുടെ വിധിയിൽ കുടുംബം തൃപ്തരല്ലായിരുന്നു.മധുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നത്. വിചാരണനടപടികൾക്കുശേഷം തിങ്കളാഴ്ചയാണ് ഹൈക്കോടതി വിധിപറയുന്നത്.കേസിലെ പ്രതികളെയെല്ലാം ഇന്ന് കോടതിയിൽ ഹാജരാക്കും

മധു കൊല്ലപ്പെട്ട കേസിലെ മുഴുവൻ പ്രതികളെയും കോടതിയിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

2018 ഫെബ്രുവരി 22-നാണ് മുക്കാലിയിൽ മധുവിനെ ഒരുസംഘം മോഷണക്കുറ്റമാരോപിച്ച് കൈകൾ ബന്ധിച്ച് മർദിച്ച് അവശനാക്കിയത്. പിന്നീട് അഗളി പോലീസിന് മധുവിനെ കൈമാറി. പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴിയിൽ മധു മരിച്ചു.

അട്ടപ്പാടി മധു വധക്കേസിലെ 16 പ്രതികളിൽ 14 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വിചാരണയ്ക്കുശേഷം 2023 ഏപ്രിൽ അഞ്ചിനാണ് ശിക്ഷ വിധിച്ചത്. 14 പ്രതികളിൽ 13 പേർക്കും ഏഴുവർഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് പ്രതികളെ ശിക്ഷിച്ചത്.

ആസൂത്രിതമല്ലാത്ത നരഹത്യയാണ് 13 പ്രതികൾക്കെതിരേ ജഡ്ജി കെ.എം. രതീഷ് കുമാർ ശിക്ഷാവിധിയിൽ പറഞ്ഞിരുന്ന പ്രധാനകുറ്റം. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 326, 367, പട്ടികജാതി-വർഗ പീഡനനിരോധന നിയമത്തിലെ 31 (ഡി) തുടങ്ങിയ ഉയർന്ന ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളും ചുമത്തി. പ്രോസിക്യൂഷൻ ആരോപിച്ച കൊലപാതകക്കുറ്റം കോടതി ഒഴിവാക്കി.