അവയവക്കടത്തിലെ കള്ളപ്പണക്കേസ്; നിര്‍ണായക നീക്കവുമായി ഇഡി
വ്യാജരേഖ ചമച്ചുള്ള അവയവക്കടത്തിലെ കള്ളപ്പണക്കേസില്‍ എറണാകുളം ലേക് ഷോർ ആശുപത്രിയിലെ കൂടുതൽ ഡോക്ടർമാരുടെ മൊഴി എടുത്ത് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി). ഡോ അലക്സാണ്ടർ, ഡോ ശ്രീജ പിള്ള എന്നിവരെയാണ് കൊച്ചി ഓഫീസിൽ വിളിച്ച് വരുത്തി മൊഴി എടുത്തത്. നിയമവിരുദ്ധ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർക്ക് കമ്മീഷൻ ലഭിച്ചിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. കേസിലെ മുഖ്യപ്രതിയും അവയവ കൈമറ്റത്തിലെ ആസൂത്രകനുമായ നജീബിന് ആശുപത്രികളിൽ നിന്ന് കമ്മീഷൻ എത്തിയതായി ഇഡി കണ്ടെത്തിയിരുന്നു. ആശുപത്രി എംഡി എസ് കെ അബ്ദുള്ള, കമ്പനി സെക്രട്ടറി മുരളീധര പൈ അടക്കമുള്ളവരെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.
വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് ലേക് ഷോർ ആശുപത്രിയിലെ ഡോക്ടർമാരിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയാണ് ഇഡി. നിയമവിരുദ്ധ ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർക്ക് കമ്മീഷൻ ലഭിച്ചിട്ടുണ്ടോയെന്നാണ് പരിശോധന. ഡോക്ടർമാരുടെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം നടത്തുന്നത്. ആശുപത്രിയുടെ എംഡി എസ്കെ അബ്ദുല്ലയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കേരളത്തിലെ 6 പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത വ്യാജ രേഖ ഉപയോഗിച്ചുള്ള അവയവ കച്ചവടത്തിലെ കള്ളപ്പണ ഇടപാടിലാണ് ഇഡി കേസെടുത്ത് പരിശോധന നടത്തിയത്. കേരളത്തിന് അകത്തും പുറത്തമുള്ള വൻ മാഫിയ സംഘം അവയവ കച്ചവടത്തിന് പിന്നിൽ പ്രവർത്തിച്ചെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തൽ. ആലപ്പുഴ റൂറൽ പൊലീസ് കേസെടുത്തതിന് പിറകെ ഒളിവിൽപോയ മുഖ്യകണ്ണി നജീബ് ആയിരുന്നു ഇടനിലക്കാരെ ഏകോപിപ്പിച്ചത്. മെഡിക്കൽ ടൂറിസത്തിന്‍റെ മറവിലായിരുന്നു വ്യാജ രേഖകൾ ഉപയോഗഹിച്ചുള്ള അവയവ വാണിഭം.
