എം.എൽ.എയുടെ നെയിംബോർഡിന് മുകളിൽ സ്വന്തം ബോർഡ്; ഓലപ്പാമ്പിനെ കാട്ടി പേടിപ്പിക്കേണ്ടെന്ന് ആർ ശ്രീലേഖ
വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്തിന്റെ ഓഫീസിൽ അതിക്രമിച്ചു കയറി സ്വന്തം ഓഫീസ് തുറന്നുവെന്ന പരാതിയെ പരിഹസിച്ച് ബിജെപി കൗൺസിലർ ആർ. ശ്രീലേഖ. എം.എൽ.എയുടെ നെയിംബോർഡിന് തൊട്ടുമുകളിൽ തന്റെ ബോർഡ് സ്ഥാപിച്ച ചിത്രം പങ്കുവെച്ചുകൊണ്ടാണ് ശ്രീലേഖ രംഗത്തെത്തിയത്. "ഇതിനെയാണ് ഓലപ്പാമ്പിനെ കാട്ടി പേടിപ്പിക്കുക എന്ന് പറയുന്നത്" എന്ന് ശ്രീലേഖ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
ശാസ്ത്രമംഗലത്തെ എം.എൽ.എ ഓഫീസിൽ അതിക്രമിച്ചു കയറിയെന്നും കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഒരു അഭിഭാഷകൻ മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. മുഖ്യമന്ത്രി ഇത് തുടർനടപടികൾക്കായി ഡിജിപിക്ക് കൈമാറുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ശ്രീലേഖയുടെ പ്രതികരണം. പുതുവർഷ തിരക്കുകൾക്ക് ശേഷം വീട്ടിലെത്തിയപ്പോഴാണ് പരാതിയുടെ വിവരം അറിഞ്ഞതെന്നും ചിരിയോടെ ശ്രീലേഖ വീഡിയോയിൽ പറയുന്നു.
എം.എൽ.എ ഓഫീസിനു മുകളിൽ കൗൺസിലറുടെ ബോർഡ് വന്നത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. വി.കെ. പ്രശാന്തിന്റെ ബോർഡിന് തൊട്ടുമുകളിൽ 'ആർ. ശ്രീലേഖ, കൗൺസിലർ ശാസ്തമംഗലം' എന്ന ബോർഡാണ് സ്ഥാപിച്ചിരിക്കുന്നത്. നിലവിൽ ശാസ്തമംഗലം വാർഡിലെ ബിജെപി പ്രതിനിധിയാണ് ആർ. ശ്രീലേഖ.
