പാലക്കാട് ഒൻപതാം ക്ലാസുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകമാർക്കെതിരെ നടപടി, അന്വേഷണം

  1. Home
  2. Latest

പാലക്കാട് ഒൻപതാം ക്ലാസുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകമാർക്കെതിരെ നടപടി, അന്വേഷണം

v sivankutty


പാലക്കാട് എച്ച് എസ് എസ് കണ്ണാടിയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപികമാർക്കെതിരെ അന്വേഷണ വിധേയമായി നടപടികൾ കൈക്കൊള്ളുവാൻ സ്കൂൾ മാനേജർക്ക് നിർദ്ദേശം നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.

കഴിഞ്ഞ ദിവസമാണ് പല്ലൻചാത്തന്നൂർ സ്വദേശിയായ എച്ച് എസ് എസ് കണ്ണാടിയിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥി അർജുൻ വീട്ടിൽ ആത്മഹത്യ ചെയ്തത്. പിന്നാലെ ക്ലാസ് അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്നാണ് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ കുട്ടികൾ അയച്ച മെസ്സേജിനെ തുടർന്ന് സൈബർ സെല്ലിൽ പരാതി നൽകുമെന്നും ജയിലിൽ ഇടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിച്ചു. അധ്യാപിക ക്ലാസിൽ വെച്ച് സൈബർ സെല്ലിൽ വിളിച്ചതോടെ അർജുൻ അസ്വസ്ഥാനായിരുന്നു എന്ന് സഹപാഠി പറയുന്നു. കുഴല്‍മന്ദം പൊലീസിലാണ് അര്‍ജുന്റെ കുടുംബം പരാതി നല്‍കിയത്.

അ‌‍ർജുന്‍റെ മരണത്തിന് ക്ലാസുകൾ ബഹിഷ്കരിച്ച് വിദ്യാർത്ഥികളും സ്കൂളിൻ്റെ മുറ്റത്ത് പ്രതിഷേധം നടത്തി. തുടർന്ന് വിവിധ വിദ്യാർത്ഥി സംഘടനകളും പ്രധാനാധ്യപികയെ ഉപരോധിച്ചു. അധ്യാപികയുടെ ഭാഗത്ത് നിന്നും പിഴവ് സംഭവിച്ചിട്ടില്ലെന്ന് പ്രധാനാധ്യാപിക നിലപാട് ആവർത്തിച്ചതോടെ വീണ്ടും പ്രതിഷേധം ശക്തമായിരുന്നു. തുടർന്ന് മാനേജ്മെൻ്റ് കമ്മിറ്റി അടിയന്തിര യോഗം ചേർന്ന് ആരോപിതരായ ക്ലാസ് അധ്യാപിക ആശ, പ്രധാനാധ്യാപിക ലിസി എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സ്കൂൾ നാല് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.