പാലത്തായി കേസ്: പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന ആരോപണത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് പി ജയരാജൻ

  1. Home
  2. Latest

പാലത്തായി കേസ്: പ്രോസിക്യൂഷൻ ഒത്തുകളിച്ചെന്ന ആരോപണത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് പി ജയരാജൻ

p jayarajan


 

പാലത്തായി പോക്സോ കേസിൽ ബി ജെ പി നേതാവായ പ്രതി കെ പത്മരാജന് ജാമ്യം ലഭിച്ചതിൽ പ്രോസിക്യൂഷൻ പ്രതിഭാഗവുമായി ഒത്തുകളിച്ചെന്ന ആരോപണത്തിൽ സർക്കാർ അടിയന്തരമായി വ്യക്തത വരുത്തണമെന്ന് സി പി എം നേതാവ് പി ജയരാജൻ. വിചാരണക്കോടതി ജീവപര്യന്തം ശിക്ഷിച്ച പത്മരാജന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പി ജയരാജൻ വിമർശനവുമായി രംഗത്തെത്തിയത്. ഇരയായ കുട്ടിയുടെയും കുടുംബത്തിന്റെയും അവകാശങ്ങൾ കൃത്യമായി സംരക്ഷിക്കപ്പെട്ടോ എന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രോസിക്യൂഷൻ്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച സംബന്ധിച്ച ആരോപണങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്നും അതിന് ഉത്തരവാദികളായവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. ഹൈക്കോടതി വിധിയെ തുടർന്നുള്ള അപ്പീൽ നടപടികളിൽ പ്രതിക്ക് ശിക്ഷ ഉറപ്പാക്കാൻ ശക്തമായ നിയമസംഘത്തെ തന്നെ സർക്കാർ നിയോഗിക്കണം. കൂടാതെ, ഈ വിഷയത്തിൽ യു ഡി എഫും ജമാഅത്തെ ഇസ്ലാമിയും തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.

അതേസമയം, വിചാരണക്കോടതി വിധിയിൽ പ്രഥമദൃഷ്ട്യാ തെറ്റുണ്ടെന്നും കുട്ടിയുടെ മൊഴികളിൽ വൈരുദ്ധ്യങ്ങളുണ്ടെന്നും നിരീക്ഷിച്ചാണ് ഹൈക്കോടതി പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എന്നാൽ പ്രതിക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ ഒത്തുകളി മൂലമാണെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷും ആരോപിച്ചിരുന്നു. എൽ ഡി എഫ് സർക്കാർ പ്രതിക്ക് ശിക്ഷ വാങ്ങി നൽകിയതാണെന്നും പ്രോസിക്യൂഷൻ വീഴ്ചയുടെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും രാഗേഷ് വ്യക്തമാക്കി.