പത്തനംതിട്ട കുമ്പഴയിൽ വാഹനാപകടം; ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു മരണം

  1. Home
  2. Latest

പത്തനംതിട്ട കുമ്പഴയിൽ വാഹനാപകടം; ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു മരണം

kumbazha


പത്തനംതിട്ട കുമ്പഴയിൽ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. വടശ്ശേരിക്കര സ്വദേശികളായ ജിൻസി സാലി, ഫിലിപ്പ് എന്നിവരാണ് മരിച്ചത്. കുമ്പഴ ഫെഡറൽ ബാങ്കിന് സമീപത്താണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിൽ ലോറിയിടിച്ചതിനെത്തുടർന്ന് വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം, പത്തനംതിട്ട അടൂർ ബൈപ്പാസിലും മറ്റൊരു അപകടം റിപ്പോർട്ട് ചെയ്തു. മൃതദേഹവുമായി പോവുകയായിരുന്ന ആംബുലൻസിൽ കാർ ഇടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ ആംബുലൻസിൽ ഇടിക്കുകയും തുടർന്ന് പുറകിൽ വന്ന മറ്റൊരു കാറിൽ കൂടി തട്ടുകയുമായിരുന്നു. അപകടത്തിൽ കാർ ഡ്രൈവർക്ക് പരിക്കേറ്റു.

രണ്ട് അപകടങ്ങളിലും പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വാഹനാപകടങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് മോട്ടോർ വാഹന വകുപ്പും പോലീസും കർശന നിർദ്ദേശം നൽകി.