പട്‌ന ഹൈക്കോടതി വിധിയില്‍ രൂക്ഷ വിമര്‍ശനം; കോടതികള്‍ക്ക് സുപ്രീംകോടതിയുടെ പുതിയ മാര്‍ഗനിര്‍ദേശം

  1. Home
  2. Latest

പട്‌ന ഹൈക്കോടതി വിധിയില്‍ രൂക്ഷ വിമര്‍ശനം; കോടതികള്‍ക്ക് സുപ്രീംകോടതിയുടെ പുതിയ മാര്‍ഗനിര്‍ദേശം

   supreme court


 

ലൈംഗികാതിക്രമ കേസുകളില്‍ നീതിപീഠത്തിന്റെ മനോഭാവവും സംവേദനക്ഷമതയും സംബന്ധിച്ച് നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സുപ്രീംകോടതിയുടേയും ഹൈക്കോടതിയുടേയും വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യാന്‍ നിര്‍ദേശിച്ച് സുപ്രീംകോടതി. പെണ്‍കുട്ടിയുടെ പൈജാമയുടെ വള്ളി വലിക്കുന്നതും മാറിടത്തില്‍ സ്പര്‍ശിക്കുന്നതും ബലാത്സംഗ ശ്രമമായി കണക്കാക്കാന്‍ കഴിയില്ലെന്നുമുള്ള പട്‌ന ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.ഇത്തരം സംഭവങ്ങള്‍ അടിക്കടി ഉണ്ടാകാറുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷക ശോഭ ഗുപ്ത സുപ്രീംകോടതിയെ അറിയിച്ചു. ഇത്തരം വിഷയത്തില്‍ വിധി പറയേണ്ട നിര്‍ദേശങ്ങള്‍ അടങ്ങിയ ഹാന്‍ഡ്ബുക്ക് എല്ലാ കോടതികളും പിന്തുടരണണെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴും കുറ്റപത്രം സമര്‍പ്പിക്കുമ്പോഴും ഈ ഹാന്‍ഡ്ബുക്കുകള്‍ പിന്തുടരാന്‍ സംസ്ഥാനങ്ങള്‍ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കണം. ഇതുസംബന്ധിച്ച് വ്യക്തത നൽകുന്ന ഒരു വിധിന്യായം കൂടി ഞങ്ങള്‍ അപ്ലോഡ് ചെയ്യും, സുപ്രീംകോടതി പറഞ്ഞു.

സ്ത്രീയുടെ സല്‍വാര്‍ അഴിക്കുന്നതും മാറിടത്തില്‍ അമര്‍ത്തുന്നതും ബലാത്സംഗശ്രമം തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന് പട്‌ന ഹൈക്കോടതി അടുത്തിടെ നിരീക്ഷിച്ചിരുന്നു. ഈ പ്രവൃത്തികള്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റത്തിന്റെ പരിധിയിലാണ് വരികയെന്നും, ഇതിനേക്കാള്‍ ഉയര്‍ന്ന ശിക്ഷ ലഭിക്കാവുന്ന ബലാത്സംഗശ്രമത്തിൻറെ പരിധിയിൽ വരുന്നതല്ലെന്നുമായിരുന്നു ജസ്റ്റിസ് പൂര്‍ണേന്ദു സിങിന്റെ നിരീക്ഷണം. ബലാത്സംഗശ്രമക്കേസില്‍ ഒരാളെ ശിക്ഷിച്ച നടപടി റദ്ദാക്കിക്കൊണ്ടാണ് പട്‌ന ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്.