ബിഷപ്പുമാര്‍ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് പിസി ജോര്‍ജ്
ബിഷപ്പുമാര്‍ക്കെതിരായി നടത്തിയ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് ബിജെപി നേതാവ് പിസി ജോര്‍ജ്. ബിഷപ്പുമാരെക്കുറിച്ച് പറയുമ്പോള്‍ അല്‍പ്പം ശ്രദ്ധ വേണമായിരുന്നു. നാട്ടുഭാഷ ഉപയോഗിച്ചതാണ് പ്രശ്‌നമായത്. ഏതെങ്കിലും പിതാക്കന്മാര്‍ക്ക് മാനസിക പ്രയാസം ഉണ്ടായിട്ടുണ്ടെങ്കില്‍ സദയം കേട്ടില്ലെന്ന് വെക്കണമെന്നും പിസി ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. എഫ്‌സിആര്‍എ നിയമത്തെപ്പറ്റി ഒരു പിതാവ് വളരെ മോശമായി സംസാരിച്ചു. ഇതേത്തുടര്‍ന്നാണ് താനും മോശമായി സംസാരിച്ചത്. അതു പാടില്ലായിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു. പൂഞ്ഞാറിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമാണ് പിസി ജോര്‍ജ്. തെരഞ്ഞെടുപ്പ് കാലത്ത് രണ്ടാം തവണയാണ് മുന്‍പരാമര്‍ശത്തില്‍ മാപ്പു പറയുന്നത്.കുറച്ചു പിതാക്കന്മാര്‍ എന്ത് ഊളത്തരവും പറഞ്ഞു നടക്കുകയാണെന്നാണ് പി സി ജോർജ് കഴിഞ്ഞദിവസം പറഞ്ഞത്. അവര്‍ കോണ്‍ഗ്രസ് വരണമെന്ന അബദ്ധവിചാരവുമായി നടക്കുകയാണ്. അവര്‍ ഇതിനപ്പുറത്തെ വര്‍ത്തമാനവും പറയും. അതു ഞാന്‍ പരിഗണിക്കുന്നില്ല. ക്രിസ്ത്യാനികളും പരിഗണിക്കില്ലെന്നുമാണ് പി സി ജോര്‍ജ് പറഞ്ഞത്. വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്‌സിആര്‍എ) ഭേദഗതി സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
