മഴക്കെടുതിയിൽ ജനം പകച്ച് നിൽക്കുന്നു; മുൻകരുതൽ എടുക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റി- പ്രതിപക്ഷ നേതാവ്

  1. Home
  2. Latest

മഴക്കെടുതിയിൽ ജനം പകച്ച് നിൽക്കുന്നു; മുൻകരുതൽ എടുക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റി- പ്രതിപക്ഷ നേതാവ്

pinarayi


 

മഴക്കെടുതിമൂലം വലിയ പ്രതിസന്ധിയാണ് സംസ്ഥാനത്ത് ഉണ്ടായതെന്നും മുൻകരുതൽ എടുക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഇതുരവെ മഴക്കെടുതിയില്‍ 26 പേര്‍ മരിച്ചു. ദുരന്തമുഖത്ത് പകച്ചുനില്‍ക്കുന്ന ജനങ്ങളെ ചേര്‍ത്തുപിടിക്കാന്‍ കേരളം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. സര്‍ക്കാരിന്‍റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു പ്രതിപക്ഷത്തിന്‍റെ പൂര്‍ണ്ണ പിന്തുണയുണ്ടാകും. എന്നാല്‍ അതേസമയം, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുള്ള പല വീഴ്ചകളും ചൂണ്ടിക്കാണിക്കാതിരിക്കാന്‍ കഴിയില്ല. കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ, പേരാവൂര്‍ മേഖലകളില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ചെറുപുഴ ജോസ് ഗിരിയില്‍ ഉരുള്‍പ്പൊട്ടിയുണ്ടായ റോഡുതടസ്സം ഒരാഴ്ച കഴിഞ്ഞിട്ടും നീക്കാന്‍ അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല എന്നത് തികഞ്ഞ അനാസ്ഥയാണ്. പുഴയില്‍ കാണാതായവരെ കണ്ടെത്തുന്നതിലും വലിയ താമസം നേരിട്ടു.

നൂറ്റാണ്ടിലെ പ്രളയം എന്ന് വിശേഷിപ്പിക്കപ്പെട്ട 2018ലെയും 2019ലെയും മഹാപ്രളയങ്ങളുടെയും അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. മുന്‍ അനുഭവങ്ങള്‍ ഇല്ലാഞ്ഞിട്ടും ആ സമയത്ത് കെടുതികള്‍ കുറച്ച് നാം പ്രളയത്തെ അതിജീവിച്ചു. പക്ഷെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ വിലയിരുത്തുന്നതിലും മുന്‍കരുതലുകള്‍ എടുക്കുന്നതിനും ഭരണസംവിധാനങ്ങള്‍ക്ക് വേണ്ടത്ര ജാഗ്രത ഉണ്ടായില്ല. ഇപ്പോഴത്തെ കെടുതികള്‍ക്ക് കാരണമായ ജൂലൈ 31ലെ അതിതീവ്രമഴ ആരംഭിച്ച ഘട്ടത്തില്‍ ആവശ്യമായ മുന്നറിയിപ്പോ, മുന്‍കരുതലുകളോ ഉണ്ടായില്ല. വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ ഉണ്ടായ ദുരന്തം ഈ അനാസ്ഥയുടെ മറ്റൊരു ഉദാഹരണമാണ്. അതിതീവ്രമഴ പ്രവചിച്ചിട്ടും ചട്ടപ്രകാരമുള്ള റെഡ് അലര്‍ട്ട് സമയബന്ധിതമായി പ്രഖ്യാപിച്ചില്ല. മഴ പെയ്ത ശേഷമാണ് അലര്‍ട്ടുകള്‍ വന്നത്. മണ്ണിടിച്ചില്‍ ഉണ്ടാവും എന്ന മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ പോയെന്നും അദ്ദേഹം പറഞ്ഞു.