ഫോൺ ചോർത്തൽ നിയമവിരുദ്ധം, അടിയന്തര സാഹചര്യത്തിൽ അനുമതിയോടെ മാത്രം ചെയ്യേണ്ടതെന്ന് മദ്രാസ് ഹൈക്കോടതി

ഫോൺ ചോർത്തൽ നിയമവിരുദ്ധമാണെന്ന് മദ്രാസ് ഹൈക്കോടതി. കുറ്റകൃത്യം തടയാനെന്ന പേരിൽ ഫോൺ ചോർത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. സിബിഐ കേസിൽ പ്രതിയായ ചെന്നൈ സ്വദേശി നൽകിയ ഹർജിയിൽ ആണ് കോടതിയുടെ ഉത്തരവ്. 2011 ൽ ഇയാളുടെ ഫോൺ ചോർത്താൻ ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയ ഉത്തരവ് ഭരണഘടനാവിരുദ്ധം എന്നും കോടതി ചൂണ്ടിക്കാട്ടി.
രാജ്യസുരക്ഷയുമായോ ജനങ്ങളുടെ സുരക്ഷയുമായോ ബന്ധപ്പെട്ട അടിയന്തര സാഹചര്യത്തിൽ അനുമതിയോടെ മാത്രമേ ഫോൺ സംഭാഷണം പകർത്താൻ കഴിയൂ. ഫോൺ ചോർത്തൽ സ്വകാര്യതാ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്, സ്വകാര്യതാ അവകാശം വ്യക്തിസ്വാതന്ത്ര്യത്തിൽ പരമപ്രധാനമാണ് എന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.