കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതികരിച്ച് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്
കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതികരിച്ച് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കാന്തപുരത്തിൻ്റെ പ്രസ്താവന ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും ഭരണഘടനയ്ക്ക് മുകളിൽ അല്ല മത ശാസനയെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. മതവിശ്വാസികളോട് മാത്രമാണ് പ്രസ്താവന എന്ന കാന്തപുരം വിഭാഗം നേതാക്കളുടെ ന്യായീകരണവും മുതിർന്ന നേതാവ് തള്ളി. വിവാഹത്തിന് മുൻപ് എച്ച്ഐവി പരിശോധന നടത്തണം എന്ന ക്രൈസ്തവ പുരോഹിതൻ്റെ പ്രസ്താവന അംഗീകരിക്കാൻ ആവില്ലെന്നും ബൃന്ദ പ്രതികരിച്ചു.
കാന്തപുരത്തിൻ്റെ വിവാദ പരമാർശം
പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്നാണ് കാന്തപുരം കൊച്ചിയിൽ നടന്ന പ്രവാചക പ്രകീർത്തന സമ്മേളനത്തിൽ പറഞ്ഞത്. ഖുറാൻ പഠിപ്പിക്കുന്നത് സ്ത്രീകൾ വീട്ടിൽ അടങ്ങി ഒതുങ്ങി കഴിയണമെന്നാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകും. സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങരുത് എന്ന് പറയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണ്. അന്യപുരുഷന്മാർക്കിടയിൽ അത്തരം അവസ്ഥ ഉണ്ടാകാതിരിക്കാനാണ് ഇസ്ലാം പർദ്ദ ഏർപ്പെടുത്തിയതെന്നും മതം പഠിപ്പിക്കുന്നത് ഇതാണെന്നും കാന്തപുരം കൂട്ടിച്ചേർത്തു. തന്റെ പരാമർശങ്ങളെ ആരെങ്കിലും ചോദ്യം ചെയ്താലോ വിമർശിച്ചാലോ പേടിച്ച് ഓടില്ല. ഇത്തരം കാര്യങ്ങൾ പറയുമ്പോൾ കാന്തപുരത്തിന് എന്താണ് അധികാരം എന്ന് മറ്റു ചില സംഘടനകൾ ചോദ്യം ചെയ്യാറുണ്ട്. എന്നാൽ മതത്തെക്കുറിച്ച് കൃത്യമായി പഠിച്ചവരാണ് തങ്ങളെന്നും അതിനാൽ മുസ്ലിം സമുദായത്തോട് ഇക്കാര്യങ്ങൾ പറയാനുള്ള അവകാശമുണ്ടെന്നും കാന്തപുരം അവകാശപ്പെട്ടു.
