പോസ്റ്റൽ ബാലറ്റുകൾ നൽകാനാവില്ല; ഉദ്യോഗസ്ഥരുടെ ഹർജിയിൽ മറുപടി നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

  1. Home
  2. Latest

പോസ്റ്റൽ ബാലറ്റുകൾ നൽകാനാവില്ല; ഉദ്യോഗസ്ഥരുടെ ഹർജിയിൽ മറുപടി നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

election-commission


നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോസ്റ്റൽ ബാലറ്റുകൾ ലഭ്യമായില്ലെന്ന ഹർജിയിൽ മറുപടി നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. സ്ട്രോങ്ങ്‌ റൂമുകൾ സീൽ ചെയ്തതിനാൽ ഇനി പോസ്റ്റൽ ബാലറ്റ് അനുവദിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. മൂന്ന് ഹർജികളാണ് ഹൈകോടതിയിൽ എത്തിയത്. ഹർജിക്കാരിൽ രണ്ടുപേർ കൃത്യമായി ഫോമുകൾ നൽകിയിട്ടില്ലെന്നും ഒരാൾ പോസ്റ്റൽ ബാലറ്റ് കൈപ്പറ്റാൻ എത്തിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. സർക്കാർ ജീവനക്കാരായ മുഹമ്മദ് സിനാൻ, എം ജി അനിൽകുമാർ എന്നിവരാണ് അപേക്ഷ നൽകിയിട്ടും പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ലെന്ന് ചൂണ്ടികാണിച്ച് ഹൈകോടതിയെ സമീപിച്ചത്.

ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ അടക്കമുള്ളവർ നൽകിയ ഹർജിയിൽ ആണ് നടപടി. വോട്ടർ ഫെസിലിറ്റേഷൻ സെന്ററിൽ അപേക്ഷ നൽകിയിട്ടും ബാലറ്റ് കിട്ടിയില്ലെന്നായിരുന്നു ആക്ഷേപം. കുറ്റ്യാടി മേഖലയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സർക്കാർ ഉദ്യോഗസ്ഥനാണ് മുഹമ്മദ് സിനാനും മറ്റു ഉദ്യോഗസ്ഥരും. എന്നാൽ പല ഫെസിലിറ്റേഷൻ സെന്ററുകളിളും ഉദ്യോഗസ്ഥർക്ക് ആവശ്യമായ പോസ്റ്റൽ ബാലറ്റ് ലഭിച്ചിട്ടില്ലെന്ന പരാതി ഉയർന്നിരുന്നു. അർഹരായ പലർക്കും പോസ്റ്റൽ ബാലറ്റ് കിട്ടാത്തത്തിൽ കോടതി നേരത്തെ ഇടപെട്ടിരുന്നു. എന്നാൽ അന്ന് വൈകിട്ട് 5 മണിക്ക് മുമ്പ് തന്നെ അർഹതപ്പെട്ടവർക്ക് പോസ്റ്റൽ ബാലറ്റ് ലഭ്യമാക്കുമെന്നും, വോട്ട് അവകാശം നിഷേധിക്കപ്പെടില്ലെന്നും ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ആ ഉറപ്പ് ലംഘിക്കപ്പെട്ടു എന്നാണ് പരാതിക്കാരുടെ ആക്ഷേപം. അവരുടേതായ കാരണത്താൽ അല്ലാതെ വോട്ട് അവകാശം നിഷേധിക്കപ്പെട്ടു. അതിനാൽ തന്നെ ഇതിന് ഉചിതമായ നടപടിയെടുക്കണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. എന്തുകൊണ്ട് പോസ്റ്റൽ ബാലറ്റ് ഉദ്യോഗസ്ഥർക്ക് കൃത്യമായ സമയത്ത് എത്തിക്കാൻ കഴിഞ്ഞില്ല എന്നതിന് മറുപടി നൽകാനാണ് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. വോട്ടെണ്ണലിന് മുമ്പ് തന്നെ കേസ് പരിഗണിക്കാനായിരുന്നു ഹൈക്കോടതിയുടെ തീരുമാനം.