സംസ്ഥാന ബജറ്റിനെ സ്വാഗതംചെയ്ത് പൃഥ്വിരാജ്

  1. Home
  2. Latest

സംസ്ഥാന ബജറ്റിനെ സ്വാഗതംചെയ്ത് പൃഥ്വിരാജ്

prithviraj


 

സംസ്ഥാന സർക്കാരിന്റെ ആദ്യ ബജറ്റിൽ മലയാളസിനിമയ്ക്ക് ഇടം നൽകിയതിൽ നന്ദി പറഞ്ഞും സർക്കാരിനെ പിന്തുണച്ചും നടൻ പൃഥ്വിരാജ് സുകുമാരൻ. ജെ.സി. ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഫിലിംസിറ്റി സ്ഥാപിക്കുമെന്നും സിനിമയെ വ്യവസായമാക്കുമെന്നുമുള്ള സർക്കാരിന്റെ പ്രഖ്യാപനം സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നൽകുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. ആന്റി പൈറസി സെൽ രൂപവത്കരിക്കുമെന്ന പ്രഖ്യാപനം സിനിമാമേഖലയ്ക്കൊരു രക്ഷാകവചമാകുമെന്ന് പ്രതീക്ഷിക്കാമെന്നും പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

"മലയാളസിനിമയുടെ സ്രഷ്ടാവ് എന്നുതന്നെ വിളിക്കാവുന്ന ജെ.സി.ഡാനിയേലിന്റെ പേരിൽ കൊച്ചിയിൽ ഫിലിംസിറ്റി സ്ഥാപിക്കുമെന്നും സിനിമയെ വ്യവസായമാക്കുമെന്നുമുള്ള സർക്കാരിന്റെ വാക്ക് 'സെല്ലുലോയ്ഡി'നെ തൊട്ടുനില്കുന്ന ഒരാളെന്നെ നിലയിൽ സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നല്കുന്നു. ആന്റി പൈറസി സെൽ രൂപവത്കരിക്കുമെന്ന പ്രഖ്യാപനമാണ് ശ്രദ്ധേയമായ മറ്റൊന്ന്. അത് സിനിമാമേഖലയ്ക്കൊരു രക്ഷാകവചമാകുമെന്ന് പ്രതീക്ഷിക്കാം.
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദിയെന്നതുൾപ്പെടെ സിനിമയ്ക്ക് നല്കിയ മറ്റ് സമ്മാനങ്ങളും വിലപ്പെട്ടതാണ്. സർക്കാരിനും മുഖ്യമന്ത്രി വി.ഡി.സതീശനും സിനിമാമന്ത്രി പി.സി.വിഷ്ണുനാഥിനും നന്ദി." പൃഥ്വിരാജിന്റെ വാക്കുകൾ.

നേരത്തേ സർക്കാരിന്റെ പ്രഖ്യാപനത്തെ മോഹൻലാലും സ്വാഗതം ചെയ്തിരുന്നു. പുതിയ ബജറ്റിൽ, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സർക്കാരിന്റെ തീരുമാനത്തെ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു. ഈ തീരുമാനം, സിനിമാമേഖലയ്ക്ക് പുത്തൻ ഉണർവും വളർച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീർച്ചയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.