സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്, ജൂലൈ എട്ടിന് സംസ്ഥാന വ്യാപകമായി പണിമുടക്ക്

സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്. വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂലായ് എട്ടിന് സംസ്ഥാനവ്യാപകമായി സൂചന പണിമുടക്കും. 22 മുതൽ അനിശ്ചിതകാല സമരവും നടത്താൻ ബസ്സുടമകളുടെ സംഘടനകളുടെ കൂട്ടായ്മയായ ബസ് ഓണേഴ്‌സ് സംയുക്ത സമിതി തീരുമാനിച്ചു.
പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക, തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക, ഇ ചലാൻ വഴി അമിതപിഴ ചുമത്തുന്നത് അവസാനിപ്പിക്കുക, വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ അടിച്ചേൽപ്പിക്കുന്നത് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധനവ് ഉൾപ്പെടെ നടപ്പാക്കിയില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതലാക സമരം തുടങ്ങുമെന്ന് ബസ് ഉടമകളുടെ സംയുക്ത സമരസമിതി അറിയിച്ചു. പണിമുടക്കിന് മുന്നോടിയായി കഴിഞ്ഞ ദിവസം തൃശൂരിലെ സാഹിത്യ അക്കാദമി ഹാളിൽ ബസ് ഓണേഴ്‌സ് സംയുക്ത സമിതി സമര പ്രഖ്യാപന കൺവൻഷൻ സംഘടിപ്പിച്ചിരുന്നു.
140 കിലോമീറ്ററിൽ അധികം വരുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുക, വിദ്യാർഥികളുടെ യാത്രാനിരക്കിൽ കാലോചിതമായ വർധനവ് നടപ്പിലാക്കുക, കെ.എസ്.ആർ.ടി.സിയിൽ നടപ്പിലാക്കിയിരിക്കുന്ന തരത്തിൽ അർഹതപ്പെട്ട വിദ്യാർഥികൾക്ക് മാത്രം കൺസെഷൻ ലഭിക്കുന്ന തരത്തിൽ ആപ്പ് മുഖേന കാർഡ് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, ബസ് ഉടമകളിൽനിന്നും അമിതമായ പിഴ ഈടാക്കുന്ന നടപടികൾ അവസാനിപ്പിക്കുക, ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്നുള്ള തീരുമാനം പിൻവലിക്കുക എന്നീ ആവശ്യങ്ങളാണ് ബസ് ഉടമകൾ മുന്നോട്ടുവെക്കുന്നത്.