ഹരിജൻ, ഗിരിജൻ പ്രയോഗങ്ങൾക്ക് വിലക്ക്; ഔദ്യോഗിക രേഖകളിൽ മാറ്റം വരുത്തി ഹരിയാന സർക്കാർ
ഹരിയാനയിലെ സർക്കാർ രേഖകളിൽ നിന്ന് 'ഹരിജൻ', 'ഗിരിജൻ' എന്നീ പ്രയോഗങ്ങൾ ഒഴിവാക്കാൻ ഹരിയാന സർക്കാർ തീരുമാനിച്ചു. പകരം 'അനുസൂചിത് ജാതി' (പട്ടികജാതി), 'അനുസൂചിത് ജനജാതി' (പട്ടികവർഗം) എന്നീ പദങ്ങൾ മാത്രമേ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാടുള്ളൂവെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ഈ വാക്കുകൾ പലപ്പോഴും അധിക്ഷേപകരമായ രീതിയിൽ ഉപയോഗിക്കപ്പെടുന്നു എന്ന പരാതികൾ വ്യാപകമായ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ സുപ്രധാന നീക്കം.
ഭാരതീയ ഭരണഘടനയിൽ എവിടെയും ഹരിജൻ, ഗിരിജൻ എന്നീ പദങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളെ സൂചിപ്പിക്കാൻ ഭരണഘടനാപരമായ പദങ്ങൾ തന്നെ ഉപയോഗിക്കണമെന്ന് കേന്ദ്രസർക്കാർ നേരത്തെ തന്നെ നിർദ്ദേശിച്ചിരുന്നു. എന്നാൽ പല വകുപ്പുകളും ഇത് കൃത്യമായി പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇപ്പോൾ കർശനമായ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇനി മുതൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷാ ഫോമുകൾ, മറ്റ് ഔദ്യോഗിക രേഖകൾ എന്നിവയിലൊന്നും ഈ പദങ്ങൾ ഉപയോഗിക്കരുതെന്ന് എല്ലാ ജില്ലാ കളക്ടർമാർക്കും വകുപ്പ് മേധാവികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സാമൂഹിക നീതി ഉറപ്പാക്കുന്നതിനും വിവേചനരഹിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഈ തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളും നേരത്തെ തന്നെ ഇത്തരം പ്രയോഗങ്ങൾ ഔദ്യോഗികമായി നിരോധിച്ചിരുന്നു.
