വീണാ ജോർജിനെതിരായ പ്രതിഷേധം: കുറ്റപത്രം സമർപ്പിച്ചു
മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരായ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഒഴിവാക്കി പൊലീസ് റിപ്പോർട്ട്. ഇന്നലെയാണ് അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കുറ്റപത്രത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഇല്ല. കൊല്ലണമെന്ന ഉദ്ദേശത്തോടെയുള്ള വധശ്രമം, ആയുധം ഉപയോഗിച്ചുള്ള അക്രമം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ഒഴിവാക്കിയത്.ഈ വർഷം ഫെബ്രുവരി 25നായിരുന്നു കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് വീണാ ജോർജിനെതിരെ കെഎസ്‍യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. സംഭവത്തിൽ അഞ്ച് കെഎസ്‍യു പ്രവർത്തകർ അറസ്റ്റിലായിരുന്നു. മന്ത്രിക്ക് പരിക്കേറ്റതിനെ തുടർന്ന് കെഎസ്‍യു പ്രവർത്തകർക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുകയായിരുന്നു.
'കൊല്ലടാ' എന്ന് ആക്രോശിച്ച് എന്തോ ആയുധം ഉപയോഗിച്ച് അഞ്ച് കെഎസ്‍യു പ്രവർത്തകർ മന്ത്രിക്ക് നേരെ ചാടിവീണ് കഴുത്തിന് ആക്രമിച്ചു എന്നായിരുന്നു എഫ്ഐആറിൽ പറഞ്ഞിരുന്നത്. കൂടാതെ, ഗൺമാൻ്റെയും മന്ത്രിയുടെയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും റെയിൽവേ സ്റ്റേഷൻ പരിസരത്ത് അതിക്രമിച്ചു കയറി പ്രശ്നങ്ങൾ ഉണ്ടാക്കിയതിനും പൊലീസിൻ്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും വകുപ്പുകൾ ചുമത്തിയിരുന്നു.
