ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ദില്ലിയിൽ ശക്തം; 25 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്ത് ദില്ലി പൊലീസ്
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ ദില്ലിയിൽ ശക്തം. ഒക്ടോബർ രണ്ട് മുതലുള്ള ദില്ലിയിലെ പ്രതിഷേധങ്ങളിൽ 25 എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ളവർക്കെതിരെ മൂന്ന് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തത്. ദില്ലിയിലെ 37 പ്രശ്നസാധ്യത പോയിന്റുകളുടെ സുരക്ഷ മുതിർന്ന ഉദ്യോഗസ്ഥർക്ക് വീതിച്ച് നൽകി. ദില്ലി പൊലീസ് ക്രൈംബ്രാഞ്ച് അടക്കം വിവിധ വിഭാഗങ്ങളിൽ ഉള്ളവരെ ഇന്നത്തെ സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചു. രാത്രി അവലോകന യോഗം ചേർന്ന് ദില്ലി പൊലീസ് കമ്മീഷണർ അനുരാഗ് കുമാർ നിയമം ലംഘിച്ച് പ്രകടനം നടത്തുന്നവരെ അറസ്റ്റ് ചെയ്ത് നീക്കാൻ 600 ബസ്സുകൾ തയ്യാറാക്കി. പരമാവധി ആൾക്കാരെ തെരുവിലേക്ക് ഇറക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.
