പാലക്കാട്ട് യുഡിഎഫ് അനുകൂല തരംഗം; ബിജെപി സൈബർ വിങ് വ്യാജ പ്രചാരണം നടത്തുന്നു: രമേശ് പിഷാരടി
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ബിജെപി സൈബർ വിങ് വലിയ രീതിയിലുള്ള വ്യാജ പ്രചാരണം നടത്തുകയാണെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടി. തന്റെ ഒരു വീഡിയോ ബോധപൂർവ്വം എഡിറ്റ് ചെയ്ത് (ഫ്ലിപ്പ് ചെയ്ത്) മുണ്ട് ഇടത്തോട്ട് ഉടുത്തു എന്ന് വരുത്തിത്തീർക്കാനാണ് അവർ ശ്രമിച്ചത്. 'ഇടത്തേക്ക് മുണ്ടുടുക്കുന്ന മതേതരനെ കണ്ടോ' എന്ന രീതിയിൽ വർഗ്ഗീയ ചുവയുള്ള പ്രചാരണമാണ് ഇതിലൂടെ അവർ ലക്ഷ്യമിട്ടതെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിന് അന്യമായ 'വോട്ടിന് പണം നൽകുന്ന' രീതി പാലക്കാട് ബിജെപി വ്യാപകമായി നടപ്പിലാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വോട്ടർമാർക്ക് പണവും സാരിയും നൽകുന്ന ജനാധിപത്യവിരുദ്ധമായ നടപടികളുടെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നത് തങ്ങളുടെ മുൻകാല ആരോപണങ്ങൾ സത്യമാണെന്ന് തെളിയിക്കുന്നു. ഇത്തരം പ്രവണതകൾ പാലക്കാട്ടെ പ്രബുദ്ധരായ വോട്ടർമാർ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലത്തിലുടനീളം തന്റെ പോസ്റ്ററുകൾക്കും ഫ്ലെക്സ് ബോർഡുകൾക്കും നേരെ വ്യാപകമായ ആക്രമണം നടക്കുന്നുണ്ട്. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് എതിരാളികൾ ശ്രമിക്കുന്നത്. "എന്നെ അരാഷ്ട്രീയവാദിയെന്നും ദുർബലനെന്നും വിളിക്കുന്നവർ, ഞാൻ അത്രമാത്രം ദുർബലനാണെങ്കിൽ എന്തിനാണ് എന്നെ ഇത്രയധികം ഭയപ്പെടുന്നത്?" എന്നും പിഷാരടി ചോദിച്ചു. ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങൾക്കും പരിഹാസങ്ങൾക്കും പത്താം തീയതിക്ക് ശേഷം മറുപടി നൽകാമെന്നും മണ്ഡലത്തിൽ യുഡിഎഫിന് അനുകൂലമായ കാറ്റാണ് വീശുന്നതെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
