സൗജന്യ യാത്രാ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി
കെഎസ്ആർടിസിയിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കും സൗജന്യ യാത്ര അനുവദിച്ച ‘പ്രിയദർശിനി’ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ലിംഗഭേദം മാത്രം അടിസ്ഥാനമാക്കി യാത്രാസൗജന്യം നൽകുന്നത് വിവേചനപരമാണെന്നാണ് ഹർജിയിലെ പ്രധാന വാദം. എറണാകുളം സ്വദേശി മുഹമ്മദ് ഫിർദൗസാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ എല്ലാ സ്ത്രീകൾക്കും യാത്രാ ആനുകൂല്യം അനുവദിക്കുമ്പോൾ സമാന സാഹചര്യത്തിലുള്ള പുരുഷൻമാരെ അതിൽ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനയിലെ സമത്വ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.സ്ത്രീകൾക്ക് കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി സർവീസ് ഇന്നലെയാണ് തുടങ്ങിയത്. തമ്പാനൂരിൽ നിന്ന് സെക്രട്ടേറിയറ്റിലേക്കുള്ള ആദ്യ പ്രിയദർശിനി സർവീസിൽ യാത്രക്കാരനായി മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സ്ത്രീകളോടുള്ള ആദരവാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം ചടങ്ങിൽ നിന്ന് വിട്ടുനിന്നു. പെരുമ്പാവൂർ ഡിപ്പോയിലെ വി പി ഷീലയും പാപ്പനംകോട് ഡിപ്പോയിലെ ജയകുമാരിയും ആദ്യ സർവീസിന്‍റെ ഭാഗമായി.
സംസ്ഥാനത്തെ 3125 ഓർഡിനറി സർവീസുകളാണ് പ്രിയദർശിനി പദ്ധതിയുടെ ഭാഗമായത്. നഷ്ടം നികത്താൻ 60 കോടി രൂപ സർക്കാർ കെഎസ്ആർടിസിക്ക് ഓരോ മാസവും നൽകും. ഇന്ദിര ഗ്യാരന്റിയിലെ ആദ്യ പദ്ധതി, അധികാരമേറ്റ് ഒരു മാസം തികയും മുമ്പേ നടപ്പിലാക്കിയിരിക്കുകയാണ് സർക്കാർ. എന്നാൽ പറഞ്ഞ വാക്ക് പൂർണമായി സർക്കാർ പാലിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷം പദ്ധതിയിൽ നിന്ന് വിട്ടുനിന്നത്.
അതിനിടെ പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനത്തിന് പിന്നാലെ അടിയന്തര അവലോകനത്തിന് സ്വകാര്യ ബസ്സുടമകൾ യോഗം ചേർന്നു. പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ സ്വകാര്യ ബസുകളെ ബാധിച്ചു തുടങ്ങി. ആദ്യ ദിനം ഇന്ധനത്തിനുള്ള കളക്ഷൻ പോലും കിട്ടിയില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ പറയുന്നു. തൊഴിലാളികളുടെ വേതനം മുഴുവൻ കൊടുക്കാൻ കഴിഞ്ഞില്ല. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിർദ്ദേശങ്ങൾ സമർപ്പിക്കും. അംഗീകരിച്ചില്ലെങ്കിൽ പണിമുടക്ക് അടക്കമുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകുമെന്ന് സ്വകാര്യ ബസ്സുടമകൾ പറഞ്ഞു.
