ചോദ്യപ്പേപ്പർ ചോർച്ച: രണ്ട് അധ്യാപകരിലേക്ക് കൂടി അന്വേഷണം

  1. Home
  2. Latest

ചോദ്യപ്പേപ്പർ ചോർച്ച: രണ്ട് അധ്യാപകരിലേക്ക് കൂടി അന്വേഷണം

neet


മെഡിക്കൽ പഠനപ്രവേശന പരീക്ഷയായ നീറ്റ് യുജി ചോദ്യപ്പേപ്പർ ചോർച്ചയിൽ പരീക്ഷാ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നിയമിച്ചിരുന്ന മൂന്ന് അധ്യാപകർ അറസ്റ്റിലായതിനിടെ, രണ്ട് അധ്യാപകരിലേക്ക് കൂടി അന്വേഷണം നീളുന്നു. എൻടിഎ നിയോഗിച്ച രണ്ട് അധ്യാപകർ കൂടി ചോദ്യപ്പേപ്പർ ചോർത്തിയെന്ന് സിബിഐ. നടന്നത് കോടികളുടെ ഇടപാടെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ചോർത്തിയ ചോദ്യപ്പേപ്പർ ഉപയോഗിച്ച് അറസ്റ്റിലായ അധ്യാപകരടക്കം സ്പെഷ്യൽ ക്ലാസുകൾ നടത്തിയെന്നും ഈ ക്ലാസുകൾക്ക് പ്രവേശനം ലഭിക്കാൻ പ്രത്യേക പണം ഈടാക്കിയെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്.

ചോദ്യപ്പേപ്പർ ചോർച്ചാ കേസിൽ ഇക്കഴിഞ്ഞ ദിവസമാണ് സിബിഐ സംഘം മൂന്നാമത്തെ അധ്യാപികയെ അറസ്റ്റ് ചെയ്തത്. എൻടിഎ നിയമിച്ചിരുന്ന, പൂനെയിൽ നിന്നുള്ള അധ്യാപിക മനിഷ സഞ്ജയ് ഹവൽദാർ (58) ആണ് സിബിഐയുടെ പിടിയിലായത്. നീറ്റ് യുജി പരീക്ഷയുടെ ഫിസിക്സ് ചോദ്യപ്പേപ്പറുകൾ ഇവർ കൈകാര്യം ചെയ്തിരുന്നു. അറസ്റ്റിലായ മനിഷ ഫിസിക്സ് ചോദ്യങ്ങൾ മെയ് 16ന് അറസ്റ്റിലായ മനിഷ മന്ധാരെയ്ക്ക് കൈമാറിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഇവർ കൈമാറിയെ ചോദ്യങ്ങളും നീറ്റ് യുജി പരീക്ഷയുടെ ചോദ്യപ്പേപ്പറിലെ ചോദ്യങ്ങളും ഒന്നുതന്നെയെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി സിബിഐ അറിയിച്ചു.

അറസ്റ്റിലായ മനിഷ സഞ്ജയ് ഹവൽദാർ പൂനെയിലെ സ്കൂൾ പ്രിൻസിപ്പാളാണ്. അടുത്ത മാസം 30ന് വിരമിക്കാനിരിക്കെയാണ് അധ്യാപികയുടെ അറസ്റ്റ്. നേരത്തെ, പൂനെയിലെ കോളേജിലെ ബയോളജി അധ്യാപികയായ മനിഷ മന്ധാരെ അറസ്റ്റിലായിരുന്നു. ഇവർ നീറ്റ് പരീക്ഷയിലെ ബോട്ടണി, സുവോളജി ചോദ്യങ്ങളാണ് കൈകാര്യം ചെയ്തിരുന്നത്. കേസിൽ ആദ്യം അറസ്റ്റിലായ അധ്യാപകൻ ലാത്തൂരിൽ നിന്നുള്ള പി വി കുൽക്കർണി ആണ്. കോളേജിലെ കെമിസ്ട്രി ലക്ചററായിരുന്ന കുൽക്കർണി, വിരമിച്ച ശേഷമാണ് എൻടിഎയുടെ ഭാഗമായത്. മറാത്തിയിലേക്ക് ചോദ്യങ്ങൾ വിവർത്തനം ചെയ്തത് ഇയാളായിരുന്നു.