മലക്കംമറിഞ്ഞ് ആർ ശ്രീലേഖ, മേയ‍ർ സ്ഥാനം ലഭിക്കാത്തതിൽ തനിക്ക് ഒരതൃപ്തിയുമില്ല

  1. Home
  2. Latest

മലക്കംമറിഞ്ഞ് ആർ ശ്രീലേഖ, മേയ‍ർ സ്ഥാനം ലഭിക്കാത്തതിൽ തനിക്ക് ഒരതൃപ്തിയുമില്ല

s


തിരുവനന്തപുരം കോര്‍പ്പറേഷൻ മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ തനിക്ക് ഒരു അതൃപ്തിയും ഇല്ലെന്ന് ബിജെപി കൗണ്‍സിലർ ആർ ശ്രീലേഖ. തനിക്ക് ഒരതൃപ്തിയും ഇല്ലായിരുന്നു എന്നും ഇപ്പോഴുമില്ലെന്നും ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. മഹത്തായ ഭാരതീയ ജനതാ പാർട്ടിയിൽ പ്രവർത്തിക്കുന്നതിൽ അഭിമാനം മാത്രമെന്നും ശ്രീലേഖ കുറിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷൻ മേയര്‍ സ്ഥാനം ലഭിക്കാത്തതിലെ അതൃപ്തി നേരത്തെ ശ്രീലേഖ തുറന്ന് പറഞ്ഞിരുന്നു.

ശ്രീലേഖ ആദ്യം പറഞ്ഞത്
തെരഞ്ഞെടുപ്പിൽ നിര്‍ത്തിയത് കൗണ്‍സിലറാകാൻ വേണ്ടി മാത്രമല്ലെന്നും മേയറാക്കുമെന്ന വാഗ്ദാനത്തിന്‍റെ പുറത്താണെന്നും ആര്‍ ശ്രീലേഖ തുറന്നടിച്ചു. മത്സരിക്കാൻ വിസമ്മതിച്ച തന്നെ മേയറാക്കുമെന്ന ഉറപ്പിലാണ് മത്സരിപ്പിച്ചത്. അങ്ങനെ പറയുന്നത് കേട്ടപ്പോള്‍ താനായിരിക്കും കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിന്‍റെ മുഖമെന്നാണ് കരുതിയത്. സ്ഥാനാര്‍ത്ഥികള്‍ക്ക് എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കേണ്ട ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് കൂടിയാണ് താൻ. പത്തു സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനുള്ള ചുമതലയും നൽകി. അവസാനം കൗണ്‍സിലറാകേണ്ട സാഹചര്യത്തിൽ പാര്‍ട്ടി പറഞ്ഞത് അംഗീകരിക്കുകയായിരുന്നു. താനാണ് കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിന്‍റെ മുഖമെന്നാണ് നേതൃത്വം പറഞ്ഞതും ചാനലുകള്‍ക്ക് മുന്നിൽ അവതരിപ്പിച്ചതും. ചര്‍ച്ചകള്‍ക്കും താനാണ് പോയിരുന്നത്.

എന്നാൽ, എന്തോ കാരണം കൊണ്ട് അവസാന നിമിഷം കാര്യങ്ങള്‍ മാറി. വിവി രാജേഷിന് കുറച്ചുകൂടെ മികച്ച രീതിയിൽ മേയറായും ആശാനാഥിന് ഡെപ്യൂട്ടി മേയറായും കുറച്ചുകൂടി നന്നായി പ്രവര്‍ത്തിക്കാൻ പറ്റുമെന്നും കേന്ദ്ര നേതൃത്വത്തിന് തോന്നിയതുകൊണ്ടായിരിക്കാം അത്തരമൊരു തീരുമാനമെടുത്തതെന്നാണ് തന്‍റെ കണക്കുകൂട്ടൽ. നേതൃത്വത്തിന്‍റെ തീരുമാനത്തോട് തര്‍ക്കമില്ല. അത് അംഗീകരിക്കുന്നു. തീരുമാനത്തെ എതിര്‍ത്ത് പോടാ പുല്ലെ എന്ന് പറഞ്ഞ് ഇറങ്ങിയോടാൻ പറ്റില്ല. തന്നെ ജയിപ്പിച്ചവര്‍ ഇവിടെയുണ്ട്. കൗണ്‍സിലറായി അഞ്ചുവര്‍ഷം തുടരാമെന്ന് തീരുമാനിച്ച് ഇവിടെ തന്നെ ഉണ്ടാകുമെന്നും ആര്‍ ശ്രീലേഖ പറഞ്ഞു. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആര്‍ ശ്രീലേഖ അതൃപ്തി തുറന്നുപറഞ്ഞത്. ഇത് വാർത്തയായതിന് പിന്നാലെ മാധ്യമങ്ങളെ കുറ്റപ്പെടുത്തിയാണ് ഇപ്പോൾ ശ്രീലേഖ രംഗത്ത് വന്നിട്ടുള്ളത്.