ശ്വാസംമുട്ടലിന് ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിക്ക് പേവിഷബാധ വാക്സിൻ മാറി നൽകി; കൊല്ലത്ത് നഴ്‌സിനെതിരെ നടപടി

  1. Home
  2. Latest

ശ്വാസംമുട്ടലിന് ചികിത്സയ്‌ക്കെത്തിയ പെൺകുട്ടിക്ക് പേവിഷബാധ വാക്സിൻ മാറി നൽകി; കൊല്ലത്ത് നഴ്‌സിനെതിരെ നടപടി

kollam


കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ശ്വാസംമുട്ടലുമായി എത്തിയ പെൺകുട്ടിക്ക് പേവിഷബാധ വാക്സിൻ മാറി നൽകിയ സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. വീഴ്ച കണ്ടെത്തിയതിനെത്തുടർന്ന് കുത്തിവയ്പ്പ് നൽകിയ നഴ്‌സിനെ ചുമതലകളിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്. കൊല്ലം ഡെപ്യൂട്ടി ഡി.എം.ഒ ആശുപത്രിയിലെത്തി പ്രാഥമിക പരിശോധനകൾ നടത്തി. രണ്ട് ദിവസം മുൻപ് ഒപി വിഭാഗത്തിൽ ചികിത്സയ്‌ക്കെത്തിയ പതിനെട്ടുകാരിയ്ക്കാണ് മരുന്ന് മാറി കുത്തിവച്ചത്.

കടുത്ത ശ്വാസംമുട്ടലിനെ തുടർന്ന് അമ്മയ്‌ക്കൊപ്പം ആശുപത്രിയിലെത്തിയ പെൺകുട്ടിക്ക് ഇൻജക്ഷൻ നൽകാൻ ഡോക്ടർ നിർദ്ദേശിച്ചിരുന്നു. എന്നാൽ കുറിപ്പുമായി എത്തിയ പെൺകുട്ടിക്ക്, തെരുവുനായയുടെ കടിയേറ്റ് ചികിത്സയ്‌ക്കെത്തിയ മറ്റൊരാൾക്ക് നൽകാൻ വെച്ചിരുന്ന വാക്സിനാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് മാറി നൽകിയത്. അബദ്ധം മനസ്സിലായതോടെ നഴ്‌സ് പെൺകുട്ടിയോടും കുടുംബത്തോടും ക്ഷമാപണം നടത്തിയിരുന്നു.

സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പെൺകുട്ടിയുടെ ആരോഗ്യനില നിലവിൽ നിരീക്ഷിച്ചു വരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ആശുപത്രിയിലെ രജിസ്റ്ററുകളും ഡോക്ടറുടെ കുറിപ്പടിയും പരിശോധിച്ച ശേഷമാണ് നഴ്‌സിനെതിരെ പ്രാഥമിക നടപടി സ്വീകരിച്ചത്.