അയോധ്യ രാമക്ഷേത്രത്തിന്റെ സംവിധാനങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി രാമജന്മഭൂമി ട്രസ്റ്റ്
അയോധ്യ രാമക്ഷേത്രത്തിന്റെ ഭരണപരവും മതപരവുമായ സംവിധാനങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി രാമജന്മഭൂമി ട്രസ്റ്റ്. ബുധനാഴ്ച നടന്ന ട്രസ്റ്റ് യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ആചാരപരമായ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാനായി ഒമ്പതംഗ സന്യാസി സമിതി രൂപവത്കരിക്കും.
ട്രസ്റ്റിന്റെ ട്രഷററായ സ്വാമി ഗോവിന്ദ് ദേവ് ഗിരിയാണ് സമിതിയെ നയിക്കുക. അയോധ്യയിലെ പ്രമുഖരായ അഞ്ച് സന്യാസികൾ സമിതിയിലുണ്ടാകും. മണിറാം ദാസ് ഛാവാനിയിൽ നിന്നുള്ള മഹന്ത് കമൽ നയൻദാസ്, രാം കഥാ കുഞ്ജിൽ നിന്നുള്ള സ്വാമി രാമാനന്ദ് ദാസ്, രാംവല്ലഭ് കുഞ്ജിൽ നിന്നുള്ള സ്വാമി രാജ്കുമാർ ദാസ്, ഹനുമത് നിവാസ് മന്ദിറിൽ നിന്നുള്ള സ്വാമി മിഥിലേഷ് നന്ദിനി ശരൺ, നിർമോഹി അഖാഡയിൽ നിന്നുള്ള മഹന്ത് ദിനേന്ദ്ര ദാസ് എന്നിവരാണ് അവർ. ബാക്കി അംഗങ്ങൾ ട്രസ്റ്റുമായി ബന്ധപ്പെട്ടവരായിരിക്കും.
രാമക്ഷേത്രത്തിലെ ആചാരങ്ങൾ, ഉത്സവങ്ങൾ, ആരാധനാ ക്രമീകരണങ്ങൾ എന്നീ കാര്യങ്ങളിലാണ് സമിതി മേൽനോട്ടം വഹിക്കുക. ഒരു വക്താവിനെ നിയമിക്കാനും ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്. ട്രസ്റ്റിന് മാധ്യമങ്ങളുമായും പൊതുജനങ്ങളുമായും ആശയവിനിമയം നടത്താനുള്ള ഔപചാരികമായ മാർഗം തുറക്കാൻ ഇത് സഹായിക്കുമെന്നാണ് ട്രസ്റ്റ് കരുതുന്നത്.
ഭരണപരമായ കാര്യങ്ങൾക്ക് നേതൃത്വം നൽകാനായി ക്ഷേത്രത്തിന് സ്ഥിരം ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറെ (സിഇഒ) നിയമിക്കാൻ നേരത്തേ അപേക്ഷ ക്ഷണിച്ചിരുന്നു. ഇതുവരെ 5500-ലേറെ അപേക്ഷകളാണ് ലഭിച്ചത്. മൂന്നംഗ സമിതിയാണ് അപേക്ഷകൾ പരിശോധിച്ച് സിഇഒയെ തിരഞ്ഞെടുക്കുക. സിഇഒയായി തിരഞ്ഞെടുക്കപ്പെടുന്നയാളെ ഓഗസ്റ്റ് 15 അടുപ്പിച്ച് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. ക്ഷേത്രത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതും ഭരണപരമായ കാര്യങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നത് സിഇഒയായിരിക്കും.
