രാമക്ഷേത്ര കൊള്ള : മാധ്യമപ്രവർത്തകനെതിരായ എഫ്ഐആർ ചോദ്യം ചെയ്ത ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

  1. Home
  2. Latest

രാമക്ഷേത്ര കൊള്ള : മാധ്യമപ്രവർത്തകനെതിരായ എഫ്ഐആർ ചോദ്യം ചെയ്ത ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

   supreme court


അയോധ്യ രാമക്ഷേത്ര കൊള്ള സംബന്ധിച്ച ആരോപണം ഉന്നയിച്ച മാധ്യമപ്രവർത്തകനെതിരേ ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക.അഭിഷേക് ഉപാധ്യായ എന്ന മാധ്യമപ്രവർത്തകനെതിരെയാണ് ഗാസിയാബാദ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്

കെട്ടിച്ചമച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ തടയാനും തന്നെ ഉപദ്രവിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും അഭിഷേക് ഹർജിയിൽ ആരോപിക്കുന്നു.എഫ്ഐആറിന്റെ പകർപ്പ് തനിക്ക് നൽകിയിട്ടില്ലെന്നും സംഭവസമയത്തെ സിസിടിവി ദൃശ്യങ്ങൾ നീക്കം ചെയ്യാൻ സമീപത്തെ കടയുടമകളിൽ പൊലീസ് സമ്മർദം ചെലുത്തുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു.

എഫ്ഐആർ റദ്ദാക്കണമെന്നാണ് അഭിഷേകിന്റെ പ്രധാന ആവശ്യം. അന്വേഷണം ഉത്തർപ്രദേശ് പൊലീസിൽനിന്ന് മാറ്റി സ്വതന്ത്ര ഏജൻസിക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. രാമജന്മഭൂമി സംഭാവന തട്ടിപ്പ് സംബന്ധിച്ച റിപ്പോർട്ടുകളുടെ പേരിൽ രജിസ്റ്റർ ചെയ്ത നിലവിലെ എഫ്ഐആറും മറ്റ് കേസുകളും ഡൽഹി പൊലീസിനെയോ സിബിഐയെയോ ഏൽപ്പിച്ച് അന്വേഷിക്കണമെന്ന ആവശ്യവും ഹർജിയിലുണ്ട്.സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് അഭിഷേക് രാമക്ഷേത്രവുമായി ബന്ധപ്പെട്ട കൊള്ള ആരോപണങ്ങൾ ഉന്നയിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടത്.