രാഹുലിനെതിരായ ബലാത്സംഗ കേസ്: പരാതിക്കാരിയെ കക്ഷി ചേർത്തു; അറസ്റ്റ് തടഞ്ഞ നടപടി നീട്ടി ഹൈക്കോടതി
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ അറസ്റ്റ് തടഞ്ഞ നടപടി ഈ മാസം 21 വരെ നീട്ടി ഹൈക്കോടതി. രാഹുലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ പരാതിക്കാരിയെ കക്ഷി ചേർത്തു. മറുപടി സത്യവാങ്മൂലം നല്‍കാൻ പരാതിക്കാരിയ്ക്ക് രണ്ടാഴ്ചത്തെ സാവകാശം ഹൈക്കോടതി നൽകി. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിലാണ് തന്നെയും കക്ഷി ചേര്‍ക്കണമെന്ന അപേക്ഷയുമായി പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്. 21 ന് വിശദമായ വാദം കേള്‍ക്കും. അതിന് ശേഷമായിരിക്കും രാഹുലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ കോടതി തീരുമാനമെടുക്കുക.
യുവതിയെ ബലാത്സംഗം ചെയ്ത് നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽഎ നൽകിയ മുൻകൂർ ജാമ്യ ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം മാത്രമാണ് തമ്മിൽ ഉണ്ടായതെന്നും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നത് കെട്ടിച്ചമച്ച കഥയെന്നുമായിരുന്നു രാഹുലിന്‍റെ വാദം. ജാമ്യ ഹർജിയെ ശക്തമായി എതിർക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. ഗർഭഛിദ്രത്തിനായി രാഹുൽ എത്തിച്ച മരുന്ന് കഴിച്ച് യുവതി അതീവ ഗുരുതരാവസ്ഥയിലായെന്നും രാഹുലിന് ജാമ്യം അനുവദിക്കരുതെന്നുമാണ് വാദം. ഇന്നലെയാണ് കേസിൽ കക്ഷി ചേരാൻ പരാതിക്കാരി കോടതിയെ സമീപിച്ചത്. മൂൻകൂർ ജാമ്യ ഹർജിയിൽ തീരുമാനമെടുക്കുന്നതിന് മുൻപ് തന്‍റെ ഭാഗം കൂടി കേൾക്കണമെന്നായിരുന്നു ആവശ്യം. കേസിൽ പരാതിക്കാരിയായ തനിക്ക് നേരെ വലിയ സൈബറാക്രമണം നടക്കുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
