തെരഞ്ഞെടുപ്പ് കമ്മീഷനിൽ രൂക്ഷ ഭിന്നതയെന്ന് റിപ്പോർട്ട് ; വിശദീകരണവുമായി കേന്ദ്രം

  1. Home
  2. Latest

തെരഞ്ഞെടുപ്പ് കമ്മീഷനിൽ രൂക്ഷ ഭിന്നതയെന്ന് റിപ്പോർട്ട് ; വിശദീകരണവുമായി കേന്ദ്രം

election-commission


 

എസ്ഐആർ നടപടിക്രമങ്ങളിൽ ഉൾപ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ രൂക്ഷ ഭിന്നതയെന്ന് റിപ്പോർട്ട്. കഴിഞ്ഞ 10 മാസത്തിൽ 14 തവണ കമ്മീഷനിലെ നടപടികൾക്കെതിരെ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ വിയോജിപ്പ് വ്യക്തമാക്കിയിരുന്നു എന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. ഏകാധിപതിയെ പോലെ പെരുമാറുന്ന ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ നടപടി തുടങ്ങണമെന്ന് കോൺഗ്രസും സിപിഎമ്മും ആവശ്യപ്പെട്ടു. എസ്ഐആറിൽ ഒരു വിയോജന കുറിപ്പ് പോലും ഔദ്യോഗികമായി ആരും നൽകിയില്ലെന്നാണ് കമ്മീഷൻ വൃത്തങ്ങളുടെ വിശദീകരണം.

പശ്ചിമബംഗാളിൽ എസ്ഐആർ പട്ടികയിലുള്ള വോട്ടർമാർക്കെതിരായ അപ്പീലിനെയും പുതിയ വോട്ടർമാരെ ചേർക്കാനുള്ള ഫോം ആറിലെ മാറ്റങ്ങളെയും രണ്ട് കമ്മീഷണർമാർ എതിർത്തിരുന്നു എന്ന ഗുരുതര വെളിപ്പെടുത്തൽ രാഷ്ട്രീയ കോളിളക്കത്തിന് ഇടയാക്കുകയാണ്. ഏകപക്ഷീയ തീരുമാനങ്ങളിലെ അതൃപ്തി തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അറിയിച്ചിരുന്നു എന്ന റിപ്പോർട്ടാണ് ഇന്ത്യൻ എക്സ്പ്രസ് പുറത്തു വിട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പേരിൽ ചില ഉദ്യോഗസ്ഥർ നടപ്പാക്കിയ കാര്യങ്ങൾ കമ്മീഷൻറെ കൂട്ടായ തീരുമാനപ്രകാരമല്ലായിരുന്നു എന്ന ഗുരുതര പരാതിയും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരും ഉന്നയിക്കുന്നുണ്ട്. പുതിയ വോട്ടർമാർക്കുള്ള ഫോം ആറിൽ മാതാപിതാക്കളുടെ പേര് മുൻ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നോ എന്നതടക്കമുള്ള ചോദ്യങ്ങൾ കമ്മീഷൻ എഴുതിച്ചേർത്തിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് രണ്ട് കമ്മീഷണർമാരും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറോട് ചൂണ്ടിക്കാട്ടിയിരുന്നു. പകരം നിയമം മാറ്റാൻ കേന്ദ്രസർക്കാരിനെ സമീപിക്കുകയാണ് വേണ്ടതെന്ന നിലപാടാണ് കമ്മീഷണർമാർ സ്വീകരിച്ചത്.