നവകേരള യാത്രയ്ക്കിടയിലെ ‘രക്ഷാപ്രവർത്തനം’; മുൻകൂർ ജാമ്യം ലഭിച്ച ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നോട്ടിസ്
കഴിഞ്ഞ സർക്കാരിന്റെ കാലത്തെ നവകേരള യാത്രയ്ക്കു നേരെ പ്രതിഷേധിച്ചതിന് കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ സുരക്ഷാസംഘം മർദിച്ച കേസിൽ മുന്‍കൂർ ജാമ്യം ലഭിച്ചവർക്ക് ഹൈക്കോടതി നോട്ടിസ്. ഈ മാസം 27നകം നോട്ടിസിനു മറുപടി നൽകാനാണ് ജസ്റ്റിസ് സി.എസ്.ഡയസിന്റെ നിർദേശം. സർക്കാരിനു വേണ്ടി പ്രത്യേകാന്വേഷണ സംഘമാണ് പ്രതികളുടെ മുൻകൂർ ജാമ്യം ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. 2023 ഡിസംബർ 15ന് ആലപ്പുഴ ജനറൽ ആശുപത്രി ജംക്ഷനിൽ വച്ച് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിനു നേരെ പ്രതിഷേധമുയർത്തിയതിന്റെ പേരിൽ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ.ഡി.തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ് എന്നിവരെ പിണറായി വിജയന്റെ ഗൺമാനും അകമ്പടി സേനയും ചേർന്നു മർദിച്ചെന്നാണു കേസ്. എ.ഡി.തോമസ് ഇപ്പോൾ ആലപ്പുഴ എംഎൽഎയാണ്.
ഗൺമാനായിരുന്ന എസ്.അനിൽകുമാർ, സുരക്ഷാ സംഘത്തിലെ അംഗങ്ങളായിരുന്ന എസ്.സന്ദീപ്, വി.കെ.ഷൈജു, ആർ.അരുൺ, വി.വി.വിപിൻ എന്നിവർക്ക് നേരത്തെ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെയാണ് എസ്ഐടിയുടെ അപ്പീൽ. കേസില്‍ ലഭ്യമായ തെളിവുകളും വസ്തുതകളും പൂർണമായി അവഗണിച്ചുകൊണ്ടാണ് ആലപ്പുഴ സെഷൻസ് കോടതി പ്രതികൾക്ക് മുന്‍കൂർ ജാമ്യം അനുവദിച്ചത് എന്നാണ് അപ്പീലിൽ പറയുന്നത്. ലഭ്യമായ തെളിവുകൾക്ക് വിരുദ്ധവും തെറ്റായ വിവരങ്ങൾ മുൻനിർത്തിയുള്ളതുമാണ് സെഷന്‍സ് കോടതിയുടെ കണ്ടെത്തലുകൾ എന്നും അപ്പീലിൽ പറയുന്നു.
