ശബരിമലയില്‍ ഇന്നലെയും ഇന്നും തീർത്ഥാടകരുടെ തിരക്ക്

  1. Home
  2. Latest

ശബരിമലയില്‍ ഇന്നലെയും ഇന്നും തീർത്ഥാടകരുടെ തിരക്ക്

sabarimala


 

ശബരിമലയില്‍ ഇന്നലെയും ഇന്നും തീർത്ഥാടകരുടെ തിരക്ക്. 75,000 തീർത്ഥാടകരാണ് ഇന്നലെയെത്തിയത്. ഇന്ന് 11 മണിവരെ 35,000 തീർത്ഥാടകരും മല ചവിട്ടി. എന്നാല്‍ വെർച്വല്‍ ക്യൂ ബുക്കിങ് പെട്ടെന്ന് തീരുന്നതിലെ പ്രതിസന്ധിക്ക് ഇപ്പോഴും പരിഹാരം കണ്ടെത്താനായിട്ടില്ല. സ്പോട്ട് ബുക്കിങ് കൂട്ടാൻ ഹൈക്കോടതിയുടെ അനുമതി തേടിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ പറഞ്ഞു.

മണ്ഡലകാലം തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ വെർച്വല്‍ ക്യൂ ബുക്ക് ചെയ്തവരും തീർത്ഥാടനത്തിന് എത്തുന്നവരും തമ്മില്‍ വലിയ വ്യത്യാസമാണ് ഉണ്ടായിരുന്നത്. ദൂരുഹതയുണ്ടോയെന്നതില്‍ അന്വേഷണം നടക്കുമ്പോഴാണ് ഇന്നലെ തീർത്ഥാടകരുടെ എണ്ണം കൂടിയത്. 75,234 തീർത്ഥാടകർ ഇന്നലെ രാത്രി 12 മണിവരെ ദ‍ർശനത്തിന് എത്തി. ഈ സീസണില്‍ തന്നെ ഏറ്റവും കൂടുതല്‍ തീർത്ഥാടകർ എത്തിയതും ഇന്നലെയാണ്.

അതേസമയം മറ്റു തീയതികളില്‍ വെർച്വല്‍ ക്യൂ ബുക്ക് ചെയ്തിട്ട് ഇന്നലെ ദർശനത്തിന് എത്തിയത് 7,564 പേരാണെന്ന് ദേവസ്വം ബോർഡിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ പ്രവണതയും ബുക്കിങ്ങിന്‍റെയും ദർശനത്തിന്‍റെയും വ്യത്യാസത്തിന് കാരണമാണെന്ന് ദേവസ്വം ബോർഡ് സംശയിച്ചിരുന്നു. ഏജന്‍റുമാർ കൂട്ടമായി ബുക്ക് ചെയ്യുന്നതാണെങ്കില്‍ കർശന നടപടിയെടുക്കുമെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു.