ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇ ഡി അന്വേഷണം സംശയകരമെന്ന് മന്ത്രി വി എൻ വാസവൻ

  1. Home
  2. Latest

ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇ ഡി അന്വേഷണം സംശയകരമെന്ന് മന്ത്രി വി എൻ വാസവൻ

vn vasavan


ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് എല്ലാ കാലത്തെയും അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. എസ്ഐടി അന്വേഷണം തൃപ്തികരമാണ്. എന്നാൽ ഇതിനിടയിലെ ഇഡി അന്വേഷണം സംശയകരമാണ്. ഇഡിയുടെ ക്രെഡിബിലിറ്റി നഷ്ടപ്പെട്ടതാണ്. മുഖ്യമന്ത്രിയ്ക്കെതിരായ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ പുറത്തായെന്നും ശബരിമല സ്വർണ്ണക്കൊള്ളക്കേസ് എസ്ഐടി ഭംഗിയായി അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.

ഇ ഡി അന്വേഷണത്തിൽ പല ഉദ്ദേശങ്ങളും കാണാം. ആരായാലും അന്വേഷണത്തിന്റെ പരിധിയിൽ വരട്ടെ. തന്ത്രിയിലേക്കോ മന്ത്രിയിലേക്കോ അന്വേഷണം പോകട്ടെ. അന്വേഷണത്തിന് വഴി പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. എസ്ഐടിയാണ് അന്വേഷണം നടത്തുന്നത് സർക്കാർ അല്ലെന്നും വി എൻ വാസവൻ പറഞ്ഞു.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിന്‍റെ ഭാഗമായി വ്യാപകമായി റെയ്ഡ് നടത്തുകയാണ് ഇഡി. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഴുവൻ പ്രതികളുടെയും വീടുകളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. കേരളം, തമിഴ്നാട്, കര്‍ണാടക അടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളിലായി 21 കേന്ദ്രങ്ങളിലാണ് ഇഡി പരിശോധന. കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, എ പത്മകുമാര്‍, എൻ വാസു തുടങ്ങിയവരുടെ വീടുകളിലും സ്വര്‍ണ വ്യാപാരി ഗോവര്‍ധൻ, സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി തുടങ്ങിയവരുടെ സ്ഥാപനങ്ങളിലുമടക്കമാണ് പരിശോധന. തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും ഇഡി സംഘമെത്തിയിട്ടുണ്ട്. ബെംഗളൂരുവിലെ ഗോവര്‍ധന്‍റെ ജ്വല്ലറിയിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ ശ്രീറാംപുരയിലെ വീട്ടിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്.