ശബരിമല സ്വര്‍ണക്കൊള്ളയിൽ തന്ത്രി സഭയുടെ ഹര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി
ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അഖില തന്ത്രി പ്രചാരക് സഭയുടെ ഹർജിയെ വിമർശിച്ച് ഹൈക്കോടതി ദേവസ്വം ബെഞ്ച്. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാതെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്ന് വാക്കാൽ വിമർശിച്ച കോടതി, പ്രതികളെ സംരക്ഷിക്കാനാണോ ഹർജിയെന്നും ചോദിച്ചു. പത്ത് ഇടക്കാല ഉത്തരവുകൾ കോടതിയിറക്കിയ കേസിൽ ഇപ്പോൾ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു. കേസിലെ പ്രതികൾ എല്ലാം നിരപരാധികളാണ് എന്നാണോ വാദമെന്നും കോടതി ചോദിച്ചു. സമാന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള മറ്റു ഹർജികൾക്കൊപ്പം പരിഗണിക്കാൻ വിഷയം ഫെബ്രുവരി നാലിലേക്ക് മാറ്റി. ഹര്‍ജിയിൽ എസ്.ഐ.ടി അടക്കമുള്ള എതിർ കക്ഷികളോട് മറുപടി തേടി.
അഖില തന്ത്രി പ്രചാരക് സഭയുടെ ചെയർമാൻ എം.എസ് ശ്രീരാജ് കൃഷ്ണൻ പോറ്റിയടക്കമുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചത്.സ്വര്‍ണക്കൊള്ള കേസിലെ എസ്ഐടി അന്വേഷണം കാര്യക്ഷമമല്ലെന്നും സിബിഐ അന്വേഷണം നടത്തണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. സംസ്ഥാന സർക്കാരിന്‍റെ കീഴിലുള്ള പൊലീസ് രാഷ്ട്രീയ ഉന്നതരെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും അതിനാൽ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. 'വാജിവാഹനം' തന്ത്രിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയ സംഭവത്തെ നിലവിലെ കേസുമായി ബന്ധിപ്പിക്കുകയാണ്. ഇത് അന്വേഷണം വഴിതിരിച്ചുവിടാനാണ്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലും കർണാടകയിലും അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ട്. സ്വർണക്കൊള്ളയിൽ രാജ്യാന്തര ബന്ധങ്ങളുണ്ട്. അതിനാൽ എസ്ഐടി അന്വേഷണം കാര്യക്ഷമമാകില്ലെന്നുമാണ് ഹര്‍ജിയിലെ വാദം.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസിൽ നിര്‍ണായക അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എസ്ഐടി ഹൈക്കോടതിയിൽ സമര്‍പ്പിച്ചു. സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നതിന് മുന്നോടിയായാണ് റിപ്പോര്‍ട്ട് കൈമാറിയത്. ദ്വാര പാലക ശിൽപ്പങ്ങൾ അടക്കമുള്ള സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ഫലം റിപ്പോർട്ടിനൊപ്പം ഹാജരാക്കി. ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും സ്ഥാപിച്ചത് യഥാർത്ഥ പാളികളാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം റിപ്പോർട്ടിൽ ഉണ്ടാകും. സ്വർണപ്പാളികളിൽ നിന്ന് കൂടുതൽ സ്വർണം നഷ്ടമായി എന്നാണ് പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. കൂടാതെ തന്ത്രി കണ്ഠര് രാജീവര്, ശങ്കരദാസ് എന്നിവരുടെ അറസ്റ്റിനു ശേഷമുള്ള തുടർ നടപടികളും എസ്.ഐ.ടി ഹൈക്കോടതിയെ അറിയിച്ചു.
