ശബരിമല പൂജാ തട്ടിപ്പ്; വിജിലൻസ് റിപ്പോർട്ടിൽ ഗണപതിഹോമത്തിലെ ക്രമക്കേടും

  1. Home
  2. Latest

ശബരിമല പൂജാ തട്ടിപ്പ്; വിജിലൻസ് റിപ്പോർട്ടിൽ ഗണപതിഹോമത്തിലെ ക്രമക്കേടും

sabarimala


ശബരിമലയിലെ പൂജാസാധനങ്ങളുടെ പേരിലുള്ള തട്ടിപ്പിനെക്കുറിച്ചുള്ള ദേവസ്വം വിജിലൻസ് റിപ്പോർട്ടിൽ ഗണപതിഹോമത്തിലെ ക്രമക്കേടും. ഒരു ഗണപതിഹോമത്തിന് 50 രൂപവീതം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാർ എഴുതിയെടുക്കുന്നു എന്നാണ് കണ്ടെത്തൽ. ഗണപതിഹോമത്തിന് ആവശ്യമായ അവൽ, മലർ, ശർക്കര, നെയ്യ്, കൊപ്ര, തേൻ തുടങ്ങിയവ സൗജന്യമായി കിട്ടുന്നവയിൽനിന്ന് എഴുതിയെടുക്കുകയാണ് ചെയ്യുന്നത്.

എന്നാൽ, ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിലെ പരാമർശങ്ങൾ വസ്തുതാവിരുദ്ധമാണെന്ന നിലപാടിലാണ് ജീവനക്കാർ. ക്ഷേത്രങ്ങളിലെ വഴിപാടുമായി ബന്ധപ്പെട്ട് വാങ്ങേണ്ട സാധനങ്ങളുടെ കാര്യങ്ങളടക്കം ദേവസ്വം മാന്വലിൽ പറയുന്നുണ്ട്. അതിനു വിരുദ്ധമായി ശബരിമലയിൽ ഒന്നും നടന്നിട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്. ഹൈക്കോടതിയുടെ പരിഗണനയിലേക്ക് വിഷയം എത്തുമ്പോൾ അതിന്റെ വിശദാംശങ്ങൾ അറിയിക്കുമെന്നതിനാൽ, ബോർഡ് ഭാരവാഹികൾ പ്രതികരിച്ചില്ല.

സന്നിധാനത്ത് ഇടപെടൽ നടത്തുന്നതിന്റെപേരിൽ ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയ കൊല്ലം സ്വദേശിയായ വ്യവസായി സുനിൽകുമാർ (സുനിൽ സ്വാമി) വാങ്ങിക്കൊടുക്കുന്ന സാധനങ്ങൾ ഉപയോഗിച്ചാണ് ഗണപതിഹോമം നടത്തുന്നതെന്ന് വിജിലൻസ് ആരോപിക്കുന്നു. പുലർച്ചെ നട തുറന്നശേഷമാണ് ഗണപതിഹോമം നടക്കുന്നത്. അയ്യപ്പന്മാർ ഗണപതിഹോമത്തിന്റെ രസീത് എഴുതുന്നതിനു നൽകുന്നതും ഇതിന്റെ പ്രസാദമാണ്.

ഓരോ രസീതിനും വെവ്വേറെ ഗണപതിഹോമം നടത്തുമ്പോൾ ചെലവ് കുറയേണ്ടതല്ലേ എന്ന ചോദ്യം വിജിലൻസ് ചോദിക്കുന്നു. എന്നാൽ, രസീത് എഴുതുന്ന അയ്യപ്പന്മാർക്ക് പ്രസാദം നൽകുന്നതിന്റെ അളവ് കുറയ്ക്കാൻ കഴിയില്ലെന്ന വാദം ജീവനക്കാർ ഉയർത്തുന്നു. ഈ വിവരങ്ങളെക്കുറിച്ച് വിജിലൻസ് മനസ്സിലാക്കിയിട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്.