സന്ദീപ് വാര്യർക്ക് താൽകാലിക ആശ്വാസം, പൊലീസ് റിപ്പോർട്ട് വരുന്നത് വരെ അറസ്റ്റില്ലെന്ന് പ്രോസിക്യൂഷൻ
രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പീഡന പരാതി നൽകിയ യുവതിക്കെതിരെ സൈബർ അധിക്ഷേപം നടത്തിയ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർക്ക് താൽകാലിക ആശ്വാസം. കേസില്‍ പൊലീസ് റിപ്പോർട്ട് വന്നിട്ടില്ലെന്നും റിപ്പോർട്ട് വരുന്നത് വരെ അറസ്റ്റ് ചെയ്യില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. സൈബർ ഇടത്തിൽ പരാതിക്കാരിയെ അധിക്ഷേപിച്ചന്ന കേസിൽ പ്രതിയാണ് സന്ദീപ് വാര്യർ. സന്ദീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 15 ന് വീണ്ടും പരിഗണിക്കും. പരാതിക്കാരിയുടെ ചിത്രമോ പേരോ സോഷ്യൽ മീഡിയവഴി പങ്കുവച്ചിട്ടില്ലെന്നും പണ്ടുണ്ടായിരുന്ന പോസ്റ്റ് മറ്റാരോ കേസിന് ശേഷം കുത്തിപൊക്കിയതാണെന്നുമാണ് മുൻകൂർ ജാമ്യ ഹർജിയിൽ സന്ദീപ് വാര്യർ പറയുന്നത്.
അതിജീവിതയുടെ പരാതിയിൽ സന്ദീപ് വാര്യരടക്കം ആറ് പേർക്കെതിരെയാണ് സൈബർ പൊലീസ് കേസെടുത്തത്. മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. കോൺഗ്രസ് അനുകൂലിയായ അഭിഭാഷക ദീപ ജോസഫ് രണ്ടാം പ്രതിയും, ദീപ ജോസഫ് എന്ന് പേരുള്ള മറ്റൊരു അക്കൗണ്ട് ഉടമ മൂന്നാം പ്രതിയുമാണ്. സന്ദീപ് വാര്യർ നാലാം പ്രതിയും നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുൽ ഈശ്വർ അഞ്ചാം പ്രതിയുമാണ്. പാലക്കാട് സ്വദേശിയായ വ്ലോഗറാണ് കേസിലെ ആറാം പ്രതി.
