ഗസ്സയിൽ ദുരിതബാധിതർക്ക് കൈത്താങ്ങായി സൗദി; പുതിയ അടിയന്തര ക്യാമ്പ് സജ്ജമായി
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ടെന്റുകൾ നഷ്ടപ്പെട്ട ഗസ്സയിലെ കുടുംബങ്ങൾക്കായി പുതിയ അടിയന്തര ക്യാമ്പ് സ്ഥാപിച്ച് സൗദി അറേബ്യ. കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്ററിന്റെ (KSrelief) നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. മേഖലയിൽ തുടരുന്ന കനത്ത കൊടുങ്കാറ്റിൽ നൂറുകണക്കിന് താൽക്കാലിക പാർപ്പിടങ്ങൾ തകരുകയും മാനുഷിക പ്രതിസന്ധി രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിലാണ് സൗദിയുടെ ഈ അടിയന്തര ഇടപെടൽ.
ഇരുന്നൂറ്റമ്പതിലധികം അത്യാധുനിക ടെന്റുകളാണ് പുതിയ ക്യാമ്പിൽ സജ്ജീകരിച്ചിരിക്കുന്നത്. കാലാവസ്ഥാ കെടുതിയിൽ വീടുകളും താൽക്കാലിക അഭയസ്ഥാനങ്ങളും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഇത് വലിയ ആശ്വാസമാകും. സൗദി സെന്റർ ഫോർ കൾച്ചർ ആൻഡ് ഹെറിറ്റേജിന്റെ മേൽനോട്ടത്തിൽ അതീവ വേഗത്തിലാണ് ക്യാമ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഗസ്സയിലെ ജനങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിനായുള്ള സൗദിയുടെ നിരന്തരമായ മാനുഷിക സഹായങ്ങളുടെ ഭാഗമാണിതെന്ന് അധികൃതർ വ്യക്തമാക്കി.
