മമതയ്ക്കൊപ്പമെന്ന് സൗഗത റോയ് എംപി
തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ, ബിജെപിയിൽ ചേരാൻ ഓഫർ ലഭിച്ചുവെന്ന അവകാശവാദവുമായി മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവും എംപിയുമായ സൗഗത റോയ്. ബിജെപിയിൽ ചേരാൻ ഓഫർ ലഭിച്ചുവെന്ന് അവകാശപ്പെട്ട സൗഗത റോയ്, താൻ അത് നിരസിച്ചുവെന്നും മമത ബാനർജിക്കൊപ്പം നിൽക്കുമെന്നും പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടാണ് സൗഗത റോയ്‍യുടെ പ്രതികരണം."അതെ, എനിക്ക് ചേരാൻ (ബിജെപിയിൽ) ഓഫർ ലഭിച്ചു. പക്ഷേ ഞാൻ അത് നിരസിച്ചു. ഞാൻ ജയിച്ച പാർട്ടിക്കൊപ്പം നിൽക്കും"- സൗഗത റോയ് പറഞ്ഞു. മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടതിന് പിന്നാലെയാണ് സൗഗത റോയ്‍യുടെ പ്രതികരണം. പാർട്ടിക്കെതിരെ ഗുരുതര അഴിമതി ആരോപണങ്ങൾ ഉന്നയിച്ച അദ്ദേഹം ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങളും സജീവമായിട്ടുണ്ട്.
അതേസമയം സുഖേന്ദു ശേഖർ റോയ്‍യുടെ രാജി പ്രാധാന്യമർഹിക്കുന്നതല്ലെന്ന് സൗഗത റോയ് പറഞ്ഞു. ഒരിക്കലും തെരഞ്ഞെടുപ്പിൽ ജയിക്കാത്ത രാജ്യസഭാ എംപിയുടെ അഭിപ്രായത്തിന് എന്ത് വിലയാണുള്ളതെന്നും സൗഗത റോയ് ചോദിച്ചു. പാർട്ടിയിൽ ഉയർന്ന വിമത ശബ്ദത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. സാഹചര്യം മോശമാകുമ്പോൾ അത്തരക്കാർ നിലപാട് മാറ്റും, അതാണ് സംഭവിച്ചത്. എംഎൽഎമാരുടെ എണ്ണം കാട്ടി വിമതർക്ക് പാർട്ടി ചിഹ്നം അവകാശപ്പെടാൻ കഴിയില്ല. വിമതർക്ക് പിന്നിൽ ബിജെപിയാണെന്നും സ്വന്തമായി അവർക്ക് ഒരു സീറ്റിൽ പോലും വിജയിക്കാൻ കഴിയില്ലെന്നും സൗഗത റോയ് കൂട്ടിച്ചേർത്തു.
