ഖദറിനെ ചൊല്ലി കോൺഗ്രസിൽ സീനിയർ-ജൂനിയർ പോര്, കോസ്റ്റ്‌ലിയെന്ന് ശബരീനാഥൻ

സംസ്ഥാന കോൺഗ്രസിൽ ഖദറിനെ ചൊല്ലി തർക്കം. ഖദറിനോട് എന്താണിത്ര നീരസമെന്ന് ചോദിച്ച് അജയ് തറയിൽ ഖദർ ഇടാത്ത യുവ നേതാക്കളെ വിമർശിച്ചു. വസ്ത്രധാരണത്തിന് നിയന്ത്രണമില്ലെന്ന് പറഞ്ഞ് തറയിലിനെ പക്ഷേ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തള്ളി. യുവാക്കളുടെ വസ്ത്രധാരണത്തിൽ ഇടപെടേണ്ടെന്നായിയിരുന്നു കെപിസിസി പ്രസിഡൻറിന്റെയും പ്രതികരണം.
''ഖദർ രാഷ്ട്രപിതാവിന് ലാളിത്യം, അഹിംസ, സത്യം തുടങ്ങിയവയുടെ പ്രതീകവും ബ്രീട്ടിഷ് ചൂഷണത്തിനെതിരെ പോരാട്ടമായിരുന്നു''. പക്ഷേ ഖദർ ധരിക്കുന്ന കോൺഗ്രസുകാരുടെ പഴയ കേരളമല്ല ഇന്ന് കളർ വസ്ത്രം ധരിക്കുന്ന ന്യൂജനിൻറെ പുതിയ കേരളമെന്നാണ് പാർട്ടി നേതാവ് അജയ് തറയിൽ പരാതിപ്പെടുന്നത്.
ഇതോടെ കളർ വസ്ത്രമിടുന്ന യുവനേതാക്കൾ അജയ് തറലിയിലിനെതിരെ കൂട്ടത്തോടെ ഇറങ്ങി. ഇപ്പോൾ ഗാന്ധിയൻ ആശയങ്ങളുടെ ലാളിത്യത്തിൻറെ പ്രതീകമായി ഖദറിനെ കാണാനാവില്ലെന്നാണ് ചിലവടക്കം ചൂണ്ടിക്കാട്ടി കെ എസ് ശബരീനാഥൻറെ പക്ഷം. ''തൂവെള്ള ഖദർ വസ്ത്രത്തെ ഗാന്ധിയൻ ആശയങ്ങളുടെ ലാളിത്യത്തിന്റെ പ്രതീകമായി ഇപ്പോൾ കാണാൻ കഴിയില്ല. ഒരു ഖദർ ഷർട്ട് ഡ്രൈക്ലീൻ ചെയ്യുന്ന ചിലവിൽ അഞ്ച് കളർ ഷർട്ട് ഇസ്തിരി ചെയ്തു കിട്ടും. വസ്ത്രം ഏതായാലും മനസ്സ് നന്നായാൽ മതിയെന്നും ശബരീനാഥൻ പറയുന്നു.
ഖദർ മാത്രം ധരിക്കണമെന്ന് പറയുന്നവർ മാറ്റത്തിൻറെ മാറ്റൊലി കേൾക്കാത്തവരെന്നാണ് അബിൻ വർക്കിയുടെ വിമർശനം. അതിവൈകാരികതയും വിവാദവും വേണ്ടെന്ന് വി.ടി ബൽറാമും പ്രതികരിച്ചു.
ഖാദി പഴയ ഖാദിയല്ലെന്നും എല്ലാ കളറിലും വ്യത്യസ്ത ഡിസൈനുകളിലും നല്ല ഖാദി വസ്ത്രങ്ങൾ ഇന്ന് കേരളത്തിൽ ലഭ്യമാണെന്നായിരുന്നു കോൺഗ്രസിലെ വിവാദങ്ങൾക്കിടെ മന്ത്രി പി രാജീവന്റെ ഫേസ്ബുക്ക് പോസ്റ്റ്.